കോട്ടയം മള്ളൂശേരിയിൽ റോഡിലേക്ക് പുളിമരം ഒടിഞ്ഞുവീണു; യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു
കോട്ടയം: കനത്ത കാറ്റിൽ കോട്ടയം മള്ളൂശേരി സെൻട്രൽ റോഡിൽ പുല്ലരിക്കുന്നിനു സമീപം റോഡിലേക്ക് പുളിമരം ഒടിഞ്ഞുവീണു. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. സമീപത്തുള്ള കടയ്ക്ക് ഭാഗികമായ നാശമുണ്ട്. കടയിൽ സാധനം വാങ്ങാൻ ബൈക്കിലെത്തിയ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്കിന് കേടുപാടുണ്ടായി.
മരം വീണ് 11 കെവി ലൈൻ പൊട്ടി. പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. സ്ഥലത്തേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി അധികൃതരെത്തി വിച്ഛേദിച്ചു. അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചുവെങ്കിലും എത്താതിരുന്നതിനാൽ മണിക്കൂറുകൾക്ക് ശേഷം 5 മണിയോടെ നാട്ടുകാർ ചേർന്ന് മരം വഴിയിൽ നിന്നും മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവ സമയം കടയ്ക്കു മുന്നിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
മള്ളൂശേരി വടക്കേകുന്നേൽ എസ്. അശ്വിനാണ് അത്ഭുതകരമായി അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഈ ഭാഗത്ത് ബൈക്ക് വച്ച ശേഷം കടയിൽ സാധനം വാങ്ങാൻ അശ്വിൻ കയറിയ സമയത്താണ് കൂറ്റൻ പുളിമരം ഒടിഞ്ഞു വീണത്. അപകടത്തിൽ ഇയാളുടെ ബൈക്കിന് കേടുപാടുകൾ സംഭവിച്ചു.