വിദ്യാർഥിയെ ഭീഷണിപ്പെടുത്തി സ്ഥാനാർഥി പട്ടിക പിൻവലിപ്പിച്ച് കെഎസ്‌യു; പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്എഫ്ഐ
file image
തിരുവനന്തപുരം: സ്കൂൾ തെരഞ്ഞെടുപ്പിൽ വിദ്യാർഥി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തുനിഞ്ഞതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രിൻസിപ്പലിനെ സ്കൂളിൽ പൂട്ടിയിട്ടതായി പരാതി. ചൊവ്വാഴ്ച കിളിമാനൂർ തട്ടത്തുമല ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഷീജയെയാണ് വിദ്യാർഥി സംഘടനാ പ്രവർത്തകർ ഒരു മണിക്കൂറോളം പൂട്ടിയിട്ടത്.
തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ നിന്ന വിദ്യാർഥിയെ കെഎസ്‌യു പ്രവർത്തകർ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചു എന്ന ആരോപണത്തെ തുടർന്നാണ് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ പൂട്ടിയിട്ടത്. വിദ്യാർഥിയെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചതിൽ ആർക്കും പരാതിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രിൻസിപ്പൽ വിഷയത്തിൽ നടപടിയെടുക്കാതിരുന്നത്.
കിളിമാനൂർ പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചു വിട്ട് പ്രിൻസിപ്പലിനെ മോചിപ്പിച്ചത്. സ്കൂളിലെ എസ്എഫ്ഐ യൂണിറ്റിൽ പ്രവർത്തിക്കുന്ന അഫ്സൽ, ഫാത്തിമ, ഹിസാന എന്നീ വിദ്യാർഥികൾക്കും മറ്റ് മൂന്ന് എസ്എഫ്ഐ പ്രവർത്തക്കും എതിരേ പൊലീസ് കേസെടുത്തു.