എറണാകുളം ജനറൽ ആശുപത്രിയിലെ പുതിയ ഡയാലിസിസ് ബ്ലോക്ക്. 
Local

200 രൂപയ്ക്ക് ഡയാലിസിസുമായി എറണാകുളം ജനറൽ ആശുപത്രി

ഇന്ത്യയിലെ സർക്കാർ ആശുപത്രികളിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ്, 90 ശതമാനം രോഗികൾക്കും കെഎഎസ്പി, കാരുണ്യ പദ്ധതിവഴി സൗജന്യ ചികിത്സ

കൊച്ചി: പത്ത് കോടി രൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ഡയാലിസിസ്‌ യൂണിറ്റ്‌ എറണാകുളം ജനറൽ ആശുപത്രിയിൽ തയാറായി. പുതിയ ഡയാലിസിസ് ബ്ലോക്കിന്‍റെ പ്രവർത്തനം‌ ഈ മാസം അവസാന ആഴ്ചയോടെ ആരംഭിക്കും. ഇതോടെ, ജനറൽ ആശുപത്രി ക്യാമ്പസിലെ പുതിയ യൂണിറ്റിൽ മൂന്നു ഷിഫ്‌റ്റിലായി ഒരു ദിവസം 162 പേർക്ക്‌ ഡയാലിസിസ്‌ ചെയ്യാൻ ഇത് വഴി സാധിക്കും.

ഇന്ത്യയിലെ തന്നെ സർക്കാർ ആശുപത്രികളിലെ ഏറ്റവും വലിയ യൂണിറ്റാണ് എറണാകുളം ജനറൽ ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. ബ്ലോക്ക് നിർമാണത്തിനായി ആശുപത്രി വികസന ഫണ്ടിൽ നിന്നും ഒന്നരക്കോടിയും ഹൈബി ഈഡന്‍റെ എംഎൽഎ ഫണ്ടിൽ നിന്നുള്ള രണ്ടുകോടിയും ഉപയോഗിച്ചാണ്‌ മൂന്നുനില കെട്ടിടം നിർമിച്ചിരിക്കുന്നത്. മൂന്ന്‌ റോട്ടറി ക്ലബ്ബുകളുടെയും കൊച്ചിൻ ഷിപ്‌യാർഡിന്‍റെയും സിഎസ്‌ആർ ഫണ്ട്‌ ഉപയോഗിച്ചാണ് ‌യൂണിറ്റുകൾ സജ്ജമാക്കിയത്‌.

മുൻപ് ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന ബ്ലോക്കിൽ 60 പേർക്കായിരുന്നു ഡയാലിസിസ്‌ സൗകര്യം ഉണ്ടായിരുന്നത് 23 കിടക്കകൾ മാത്രമായിരുന്നു. ‌ പുതിയ കെട്ടിടത്തിൽ 54 ഡയാലിസിസ്‌ കിടക്കകളാണ്‌ സജ്ജീകരിച്ചിരിക്കുന്നത്. കിടക്കയും ബെഡ്‌സൈഡ്‌ ലോക്കറും കാർഡിയാക്‌ ടേബിളും മോണിറ്ററും ഡയാലിസിസ്‌ മെഷീനും അടങ്ങുന്നതാണ്‌ ഒരു യൂണിറ്റ്. ഹീമോഡയാലിസിസിനും പെരിടോണിയൽ ഡയാലിസിസിനുമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവകൂടാതെ ലിഫ്‌റ്റും കേന്ദ്രീകൃത എസി സംവിധാനവും ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ സിഎസ്‌ആർ ഫണ്ട്‌ ഉപയോഗിച്ച് സജ്ജമാക്കിയിട്ടുണ്ട്‌.

അതിനു പുറമെ രണ്ട്‌ മെഷീനുകൾ എച്ച്‌ഐവി രോഗികൾക്കായും മാറ്റിവച്ചിട്ടുണ്ട്‌. ഒപി രോഗികൾക്കും ഡയാലിസിസ്‌ സൗകര്യം ഉപയോഗപ്പെടുത്താം. 90 ശതമാനം രോഗികൾക്കും കെഎഎസ്പി, കാരുണ്യ പദ്ധതിവഴി ചികിത്സ സൗജന്യമായി ലഭിക്കും‌. സീനിയർ നെഫ്രോളജിസ്‌റ്റിനെക്കൂടാതെ രണ്ട്‌ ജൂനിയർ ഡോക്‌ടർമാരുടെ സേവനവും ബ്ലോക്കിൽ ഉണ്ടാകും.കൂടാതെ, പുതിയ സംവിധാനത്തിൽ ഡയാലിസിസ് ടെക്‌നീഷ്യൻമാർ, നെഫ്രോളജിസ്റ്റ്, സ്റ്റാഫ് ടെക്‌നീഷ്യൻമാർ, ക്ലീനിങ്‌ സ്റ്റാഫ് ഉൾപ്പെടെ ഇരുനൂറോളം ജീവനക്കാരും ഉണ്ടാകും. സ്വകാര്യ ആശുപത്രികളിൽ ഒരു ദിവസം ഡായാലിസിസിനായി 1000 രൂപയിലേറെ ചെലവ് വരുമ്പോൾ ജനറൽ ആശുപത്രിയിൽ 200 രൂപയാണ്‌ ഫീസ് ഇടാക്കുന്നത്.

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി