പഴയന്നൂർ ഭഗവതീക്ഷേത്രത്തിലെ അമൂല്യ രത്നങ്ങൾ പതിച്ച സ്വർണക്കിരീടം കാണാനില്ലെന്ന് പരാതി
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ലെന്ന് പരാതി. അമൂല്യ രത്നങ്ങൾ പതിച്ച 15 ഗ്രാമിന്‍റെ സ്വർണക്കിരീടമാണ് കാണാതായത് എന്നാണ് വിവരം. ഇതിന് ലക്ഷക്കണക്കിന് വിലവരുമെന്നാണ് നിഗമനം.
ക്ഷേത്രത്തിനകത്ത് ചുറ്റമ്പലത്തിലുള്ള ലോക്കറിലായിരുന്നു കിരീടം സൂക്ഷിച്ചിരുന്നത്. പുതിയ ദേവസ്വം ഓഫീസർ ചുമതലയേറ്റപ്പോൾ നടത്തേണ്ട പതിവ് പരിശോധനയ്ക്കിടെയാണ് കിരീടം നഷ്ടമായെന്ന് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന്, ദേവസ്വം ഓഫീസർ സച്ചിൻ നൽകിയ പരാതിയിൽ ദേവസ്വം വിജിലൻസ് ക്ഷേത്രത്തിൽ നേരിട്ടെത്തി അന്വേഷണം നടത്തി. സംഭവത്തിന് പിന്നിൽ ആരെല്ലാമാണ് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ് വിജിലൻസ് അധികൃതർ അറിയിച്ചു.