തെരച്ചിൽ ഒരു ദിവസം പിന്നിട്ടു; കോതമംഗലത്ത് പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്താനായില്ല
കോതമംഗലം: തെരച്ചിൽ ഒരു ദിവസം പിന്നിട്ടിട്ടും വടാട്ടുപാറ സ്വദേശി ദിനേശനെ കണ്ടെത്താനായില്ലെന്ന് കോതമംഗലം എംഎൽഎ ആന്‍റണി ജോൺ പറഞ്ഞു. തിങ്കളാഴ്ച ഫയർഫോഴ്‌സിന്‍റെ അത്യാധുനിക ഉപകരണമായ ആർഒവി (Remotely Operated Vehicle) ഉപയോഗിച്ചുള്ള തെരച്ചിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് ഭൂതത്താൻകെട്ട് ഡാമിന് സമീപത്തെ പാലത്തിൽ നിന്ന് വടാട്ടുപാറ (റോക്ക് ജംഗ്ഷൻ) സ്വദേശി വടുതലായിൽ ദിനേശ് (45) പുഴയിലേക്ക് ചാടിയത്. മാനസിക വെല്ലുവിളി നേരിടുന്നതിന് ചികിത്സയിലായിരുന്നു ദിനേശ്.
കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം എന്നീ ഫയർഫോഴ്സ് യൂണിറ്റുകളിലെ സ്‌കൂബാ ടീം അംഗങ്ങളും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്.