അധ്യാപക അനധ്യാപക ജീവനക്കാര്‍ക്കായി ഓണാഘോഷം
മുംബൈ: കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും ഓണത്തിന്റെ സമത്വസാഹോദര്യ സന്ദേശവും ഉയര്‍ത്തിപ്പിടിച്ച് ശ്രീനാരായണ മന്ദിര സമിതിയുടെ ചെമ്പൂര്‍ ശ്രീനാരായണ ഗുരു എജ്യുക്കേഷണല്‍ കോംപ്ലക്‌സില്‍ അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കായി വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആവേശകരമായ പങ്കാളിത്തം ആഘോഷത്തിന് ഉത്സവച്ഛായ പകര്‍ന്നു.
പരമ്പരാഗത വേഷവിധാനങ്ങളോടെ അധ്യാപകരും ജീവനക്കാരും അണിനിരന്നപ്പോള്‍ വിവിധ നിറങ്ങളിലും രൂപങ്ങളിലുമൊരുക്കിയ ഓണപ്പൂക്കളങ്ങളും ഓണപ്പാട്ടും നൃത്തസംഗീത പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. പരമ്പരാഗത കലാരൂപങ്ങള്‍ക്കൊപ്പം പുതുതലമുറയുടെ സര്‍ഗാത്മകതയും വേദിയില്‍ പ്രകടമായി.
സമിതിയുടെ കീഴിലുള്ള ശ്രീനാരായണ ഗുരു കോളേജ് ഓഫ് കോമേഴ്സ്, ശ്രീനാരായണ ഗുരു ജൂനിയര്‍ കോളേജ്, ശ്രീനാരായണ ഗുരു കോളേജ് ഓഫ് എഡ്യൂക്കേഷന്‍, ശ്രീനാരായണ ഗുരു ഹൈസ്‌കൂള്‍, ശ്രീനാരായണ ഗുരു മറാഠി വിദ്യാലയ, ശ്രീനാരായണ ഗുരു സെന്‍ട്രല്‍ സ്‌കൂള്‍ ചെമ്പൂര്‍, എസ്.എന്‍.ജി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഉല്‍വെ, ഡി.പി.എം.ഐ. എസ്താരാപുര്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ആഘോഷത്തില്‍ പങ്കെടുത്തത്.