മഹാരാഷ്ട്രയില്‍ ഈ വര്‍ഷം ഇതുവരെ ജീവനൊടുക്കിയത് 899 കര്‍ഷകര്‍
മുംബൈ: മഹാരാഷ്ട്രയിലെ മറാത്തുവാഡ മേഖലയില്‍ ഈ വര്‍ഷം മാത്രം ആത്മഹത്യ ചെയ്തത് 899 കര്‍ഷകര്‍. വെള്ളപ്പൊക്കവുംമഴയും കാരണമുണ്ടായ കൃഷിനാശത്തെയും തുടര്‍ന്ന് കഴിഞ്ഞ ആറ് മാസത്തില്‍ മാത്രം 537 കര്‍ഷകര്‍ ജീവനൊടുക്കി. ബീഡ്, ഛത്രപതി സാംഭാജി നഗര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ .
ഛത്രപതി സാംഭാജിനഗര്‍ ജില്ലയില്‍ 112 കര്‍ഷകരും ബീഡ് ജില്ലയില്‍ 108 കര്‍ഷകരും നന്ദേടില്‍ 90 കര്‍ഷകരുമാണ് ആത്മഹത്യ ചെയ്തത്. അധിക മഴയും വെള്ളപ്പൊക്കവും 12 പേരുടെ മരണത്തിനും ഗണ്യമായ നാശനഷ്ടങ്ങള്‍ക്കും കാരണമായിരുന്നു. ഒരു വാഴക്കര്‍ഷകന്‍ ടണ്ണിന് 25,000 രൂപ നിരക്കില്‍ 100 ടണ്‍ വിളയ്ക്കാണ് വ്യവസായിയുമായി കരാര്‍ ഒപ്പിട്ടിരുന്നത്. എന്നാല്‍ സിന നദിയിലെ വെള്ളപ്പൊക്കത്തില്‍ മുഴുവന്‍ വിളയും നശിച്ചതിനുശേഷവും 25,000 രൂപ മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്.
ഏറ്റവും മോശം സാഹചര്യങ്ങളില്‍ ജീവിക്കുന്ന മറാഠ്വാഡയിലെ കര്‍ഷകര്‍ക്ക് പ്രകൃതി ദുരന്തങ്ങള്‍ മൂലം സര്‍വ്വതും നഷ്ടപ്പെട്ടിട്ടും കാര്യമായ ഇടപെടലുകള്‍ ഉണ്ടാകാതെ വന്നപ്പോഴാണ് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചത്. ദുരിതാശ്വാസ പായ്‌ക്കേജ് പ്രഖ്യാപിച്ചെങ്കിലും അതും പലർക്കും ലഭിച്ചിട്ടില്ല.