എയര്‍ ഇന്ത്യ കൊച്ചിയിലേക്കും സര്‍വീസ് നടത്തും.
നവിമുംബൈ: ഒക്റ്റോബര്‍ 30-ന് ഉദ്ഘാടനം ചെയ്യുന്ന നവിമുംബൈ വിമാനത്താവളത്തില്‍ നിന്ന് 15 ഇന്ത്യന്‍ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിദിനം 20 സര്‍വീസുകള്‍ നടത്തും. കൊച്ചിയിലേക്കും സര്‍വീസുകൾ ഉണ്ടാകും. 2026 പകുതിയാകുമ്പോഴേക്കും അഞ്ച് അന്താരാഷ്ട്ര സര്‍വീസുകള്‍ അടക്കം സര്‍വീസുകളുടെ എണ്ണം 55 ആയി ഉയര്‍ത്തും.
ഭൂമിശാസ്ത്രപരമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ് നവിമുംബൈ വിമാനത്താവളം. യാത്രക്കാര്‍ക്കും ചരക്കുനീക്കത്തിനും ഏറെ പ്രാധാന്യമുള്ള രാജ്യത്തെ നിര്‍ണായകമായ ട്രാന്‍സിറ്റ് ഹബ്ബുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് എയര്‍ ഇന്ത്യ സിഇഒ കാമ്പ് വെല്‍ വില്‍സണ്‍ പറഞ്ഞു.
എയര്‍ ഇന്ത്യയുമായുള്ള നവിമുംബൈ വിമാനത്താവളത്തിന്‍റെ സഹകരണം ഇന്ത്യന്‍ വ്യോമയാനമേഖലയില്‍ പുതിയ ചരിത്രം രചിക്കുമെന്ന് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ് ലിമിറ്റഡ് സിഇഒ അരുണ്‍ ബന്‍സാല്‍ പറഞ്ഞു.
74:26 എന്ന ഓഹരി അനുപാതത്തില്‍ അദാനി ഗ്രൂപ്പും സിഡ്കോയും ചേര്‍ന്നാണ് വിമാനത്താവളനിര്‍മാണം നടത്തുന്നത്. അഞ്ച് ഘട്ടമായാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. അതില്‍ ആദ്യഘട്ടമാണ് ഇപ്പോള്‍ തുറക്കുന്നത്.