ആംബുലൻസ് മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി; 49കാരി ചികിത്സ കിട്ടാതെ മരിച്ചു
മുംബൈ: ആംബുലൻസ് ദേശീയപാതയിലെ ട്രാഫിക് ജാമിൽ കുടുങ്ങിയതോടെ ചികിത്സ ലഭിക്കാതെ 49കാരി മരിച്ചു. മുംബൈയിലെ എൻഎച്ച് 48ലാണ് സംഭവം. പാൽഗഡ് ജില്ലയിലെ ഛായ പുരാവ് ആണ് മരിച്ചത്. ജൂലൈ 31ന് മരച്ചില്ല ദേഹത്തു വീണി ഛായയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. വാരിയെല്ലുകളിലും തോളെല്ലിലും തലയിലും പരുക്കേറ്റ ഛായയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. 100 കിലോമീറ്ററാണ് പാൽഗഡിൽ നിന്ന് ഹിന്ദുജ ആശുപത്രിയിലേക്കുള്ളത്. സാധാരണ രീതിയിൽ രണ്ടര മണിക്കൂർ യാത്ര കൊണ്ട് ആശുപത്രിയിലെത്താം. എന്നാൽ കടുത്ത ഗതാഗത തടസം ഉണ്ടായതോടെ ആംബുലൻസ് മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി.
വൈകിട്ട് 3 മണിക്ക് യാത്ര ആരംഭിച്ചെങ്കിലും മൂന്നു മണിക്കൂറുകൾക്കു ശേഷവും വെറും 50 കിലോമീറ്റർ ദൂരം മാത്രമേ കടന്നിരുന്നുള്ളൂ. കടുത്ത വേദന മൂലം ഛായയുടെ അവസ്ഥ മോശമായതോടെ അടുത്തുള്ള ഓർബിറ്റ് ആശുപത്രിയിലേക്കെത്തിച്ചു.
ഏഴു മണിയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു. അര മണിക്കൂർ മുൻപെങ്കിലും ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ ഛായയെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ഛായയുടെ ഭർത്താവ് കൗശിക് പറയുന്നു. മണിക്കൂറുകളോളം ഛായ വേദന കൊണ്ട് പുളയുന്നത് കണ്ടു നിൽക്കേണ്ട ഗതികേടാണ് തനിക്കു വന്നതെന്നും കൗശിക്.