ഓട്ടോ ഡ്രൈവറുടെ മാസവരുമാനം എട്ടു ലക്ഷം രൂപ!
മുംബൈ: ഓട്ടോ ഡ്രൈവറുടെ മാസവരുമാനം എട്ടു ലക്ഷം രൂപ!ഞെട്ടിയോ? ഇല്ലെങ്കില്‍ ഓട്ടോ സവാരി പോകാതെയാണ് ഈ ഓട്ടോ ഡ്രൈവര്‍ എട്ടുലക്ഷം രൂപ മാസം വരുമാനം ഉണ്ടാക്കുന്നത് എന്നറിഞ്ഞാലോ? ബികെസിയില്‍ അമെരിക്കന്‍ കോണ്‍സുലേറ്റിനടുത്ത് പാര്‍ക്ക് ചെയ്യുന്ന ഓട്ടോ റിക്ഷയുടെ ഡ്രൈവറാണ് തന്‍റെ ഓട്ടോയെ ലോക്കറാക്കി മാറ്റി എട്ടു ലക്ഷം രൂപയോളം സമ്പാദിക്കുന്നത്. എങ്ങനെയെന്ന് ഒരു സംശയം ഉണ്ടാകും.
വിസ ഇന്‍റർവ്യൂവിനും മറ്റുമായി കോൺസുലേറ്റിലെത്തുന്നവര്‍ക്ക് സുരക്ഷാ പ്രോട്ടോക്കോളുകള്‍ നിര്‍ബന്ധമാണ്. ബാഗുകളോ ഇലക്ട്രോണിക് വസ്തുക്കളോ അകത്തേക്കു കൊണ്ട് പോകാന്‍ അനുവാദമില്ല.
ഈ പ്രശ്‌നം മനസിലാക്കിയ ഓട്ടോ ഡ്രൈവര്‍ കോണ്‍സുലേറ്റിന് പുറത്ത് പാര്‍ക്ക് ചെയ്ത് ഉപയോക്താക്കളെ കണ്ടെത്തി ലളിതമായ പരിഹാരം നിര്‍ദേശിക്കുകയായിരുന്നു. ബാഗുകളും, മൊബൈല്‍, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും തന്‍റെ വാഹനത്തില്‍ തന്നെ സൂക്ഷിക്കാന്‍ അനുവദിച്ചു. ഇതിനായി 1000 രൂപയാണ് ഒരാളില്‍ നിന്ന് ഈടാക്കുന്നത്.
ഗതികേടിനെ ചൂഷണം ചെയ്യുകയാണെങ്കിലും സാമ്പത്തിക ഭദ്രതയുള്ളവരാണ് കോണ്‍സുലേറ്റില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും. അതുകൊണ്ടു തന്നെ തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കുറച്ച് നേരത്തേക്ക് സൂക്ഷിക്കാന്‍ ഈ വാടക അവര്‍ക്ക് വലിയ ഭാരമാകുന്നില്ല.
ദിവസേന മുപ്പതോളം പേരെങ്കിലും ഈ ഓട്ടോ ഡ്രൈവറുടെ സേവനം പ്രയോജനപ്പെടുത്തുന്നുവെന്നാണ് പറയുന്നത്. പ്രതിദിനം 20,000 മുതല്‍ 30,000 രൂപ വരെ എളുപ്പത്തില്‍ സമ്പാദിക്കാം അതായത് ഒരു മാസം 8 ലക്ഷം രൂപ വരെ. ലെന്‍സ്‌കാര്‍ട്ടിന്‌റെ മേധാവി രാഹുല്‍ രൂപാണിയാണ് ഈ ഓട്ടോഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.