മന്ദിരസമിതി ഗുരുജയന്തിയാഘോഷത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍

 
Mumbai

മന്ദിരസമിതി ഗുരുജയന്തി ആഘോഷത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍

കാലാതീതമാണ് ശ്രീനാരായണ ദര്‍ശനം: സ്വാമി ഋതംഭരാനന്ദ

Mumbai Correspondent

മുംബൈ: ശ്രീ നാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തില്‍ സമിതിയുടെ ചെമ്പൂരിലെ എഡ്യൂക്കേഷന്‍ കോംപ്‌ളക്‌സില്‍ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തില്‍ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായുള്ള സമിതിയുടെ 39 യൂണിറ്റുകളില്‍ നിന്നുമായി എത്തിയ ആയിരക്കണക്കിന് ഗുരുദേവ ഭക്തർ പങ്കെടുത്തു. രാവിലെ 8.30ന് ഗുരുപൂജയോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. പൊതുസമ്മേളനത്തില്‍ സമിതി പ്രസിഡന്റ് എം.ഐ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

മഹാരാഷ്ട്ര എഡിജിപി അശ്വതി ദോര്‍ജെ മുഖ്യാതിഥിയായി. ശിവഗിരി മഠം മുന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്‌മശ്രീ സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വിവിധ തലങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സമിതിയുടെ 39 യൂണിറ്റുകളില്‍ നിന്നായി ആയിരക്കണക്കിന് അംഗങ്ങള്‍ സകുടുംബം ജയന്തി ആഘോഷ സമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ. ഉച്ചയ്ക്ക് രണ്ട് മുതല്‍ സമിതിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കലാപ്രതിഭകളുടെ കലാവിരുന്ന് അരങ്ങേറി. ഗുരുജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ കലാമത്സരങ്ങളില്‍ വിജയിച്ച മത്സരാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. മന്ദിരസമിതി ബാലവേദി നെരൂള്‍ യൂണിറ്റ് അംഗങ്ങള്‍ അവതരിപ്പിച്ച ഗുരുകൃപാലയം എന്ന ലഘു നാടകം ഏറെ ശ്രദ്ധേയമായി.

കാലാതീതമാണ് ശ്രീനാരായണ ദര്‍ശനം: സ്വാമി ഋതംഭരാനന്ദ

ശ്രീനാരായണ ഗുരു മുന്നോട്ടു വച്ച ദര്‍ശനം കാലഭേദമില്ലാതെ ലോകമാകെ ഏറ്റെടുക്കുന്ന കാലം വിദൂരമല്ലെന്നും കാലത്തിനു മുന്നേ സഞ്ചരിച്ച മഹാമനീഷിയായിരുന്നു ശ്രീനാരായണ ഗുരുദേവനെന്നും ഗുരുദേവ ജയന്തി ലോക മുള്ളിടത്തോളം കാലം ആഘോഷിക്കപ്പെടുമെന്നും ശിവഗിരി മഠം മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അഭിപ്രായപ്പെട്ടു. വിദ്യകൊണ്ട് സ്വതന്ത്രരാവാനും വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടാനുമുള്ള ഗുരുവിന്റെ ആഹ്വാനം നടപ്പില്‍ വരുത്തുവാനും ശ്രമിക്കുന്ന ശ്രീ നാരായണ മന്ദിര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ലോകമാകെയുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു.

ജാതിഭേദം ഇല്ലാതാക്കാന്‍ ഗുരുവഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്: അശ്വതി ദോര്‍ജെ

ജാതിഭേദം ഇല്ലാതാക്കുന്നതിലും സാര്‍വത്രിക വിദ്യാഭ്യാസം എന്ന ആശയം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലും ശ്രീനാരായണ ഗുരു വഹിച്ച പങ്ക് വളരെ വലുതും ചരിത്രവുമാണെന്നും മഹാരാഷ്ട്ര പോലീസ് എ.ഡി ജി.പി. അശ്വതി ദോര്‍ജി അഭിപ്രായപ്പെട്ടു.

ജയന്തിയാഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

ജാതിമതാന്ധത കൊടികുത്തിവാണിരുന്ന കാലത്ത് വിഭിന്ന ജാതി വിചാരങ്ങളാല്‍ ഒറ്റപ്പെട്ടു കിടന്ന ജന സമൂഹത്തെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹാമന്ത്രം കൊണ്ട് ചേര്‍ത്ത് നിര്‍ത്തിയത് ഗുരുദേവനാണ്.

വിദ്യാഭ്യാസം സ്വാതന്ത്ര്യത്തിന്റെ കവാടമാണ് എന്ന് നമ്മെ ഉപദേശിച്ച ഗുരു വായനയിലൂടെയും പഠനത്തിലൂടെയും മാത്രമേ മാനസിക വളര്‍ച്ച കൈവരിക്കാന്‍ കഴിയൂ എന്നും നമ്മെ പഠിപ്പിച്ചു. അവര്‍ തുടര്‍ന്നു പറഞ്ഞു.

ഗുരുധര്‍മ പ്രചരണമാണ് ശ്രീനാരായണ മന്ദിര സമിതിയുടെ പ്രധാന ലക്ഷ്യമെന്നും അതിന്റെ ഭാഗമായാണ് സമിതി വിദ്യാഭ്യാസ- സാമൂഹിക പ്രവര്‍ത്തന രംഗത്ത് നിതാന്ത ജാഗ്രത പുലര്‍ത്തുന്നതെന്നും സമിതി പ്രസിഡന്റ് എം. ഐ.ദാമോദരന്‍ പറഞ്ഞു.

സമിതി ചെയര്‍മാന്‍ എന്‍. മോഹന്‍ദാസ് , വൈ. ചെയര്‍മാന്‍ എസ്. ചന്ദ്രബാബു, ജനറല്‍ സെക്രട്ടറി ഒ.കെ. പ്രസാദ് എന്നിവരും പ്രസംഗിച്ചു.

ഇന്ത്യയുടെ വ്യോമ പ്രതിരോധം കൂടുതൽ കരുത്തുറ്റതാകും; റഷ്യയിൽ നിന്ന് അഞ്ച് എസ്-400 കൂടി എത്തിയേക്കും

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില വർധിച്ചു

മുംബൈയിൽ ടാക്സി, ഓട്ടോറിക്ഷ നിരക്ക് ഉയർത്തി

പഴകിയ ലേയ്സും മാഗിയും എക്സ്പയറി ഡേറ്റ് മാറ്റി വിപണിയിൽ

മുസ്ലിങ്ങൾ വോട്ട് ബാങ്ക്; വന്ദേമാതരത്തെ കോൺഗ്രസ് എതിർത്തത് പ്രീണന രാഷ്ട്രീയത്തിന്‍റെ പേരിൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്