ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ഡോ. സുരേഷ് കുമാർ മധുസൂദനൻ ഇന്ത്യയെ പ്രതിനിധീകരിച്ചു.

 
Mumbai

ബ്രിക്സ് ബിസിനസ് കൗൺസിലിലും ബിസിനസ് ഫോറത്തിലും ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു

ന്യൂഡൽഹിയിലെ യശോഭൂമി കൺവെൻഷൻ സെന്‍ററിൽ നടത്തിയ വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു

Mumbai Correspondent

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടത്തിയ ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം 2026-ലും സീഗൾ ഇന്‍റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനെജിങ് ഡയറക്റ്ററുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു.

ബ്രിക്സ് ബിസിനസ് കൗൺസിലിന്‍റെ നൈപുണ്യ വികസനം, അപ്ലൈഡ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ വർക്കിങ് ഗ്രൂപ്പ് (STIWG) അംഗമായ ഡോ. സുരേഷ്‌കുമാർ, ന്യൂഡൽഹിയിലെ യശോഭൂമി കൺവെൻഷൻ സെന്‍ററിൽ നടത്തിയ വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ നൈപുണ്യ വികസനം, ഭാവിതലമുറ നൈപുണ്യങ്ങൾ, നിർമിതബുദ്ധി, നൂതന സാങ്കേതികവിദ്യകൾ, ഇന്നൊവേഷൻ, വ്യവസായ സഹകരണം തുടങ്ങിയ മേഖലകളിലെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്തു.

രാജ്യാന്തര തൊഴിൽ വിപണിയിൽ നൈപുണ്യമുള്ള യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി നൈപുണ്യ-യോഗ്യതകളുടെ പരസ്പര അംഗീകാരം, വ്യവസായബന്ധിത സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസം (TVET), ഡിജിറ്റൽ ക്രെഡൻഷ്യലുകൾ, ഗ്ലോബൽ സ്കിൽസ് പാസ്‌പോർട്ട്, രാജ്യാന്തര ടാലന്‍റ് മൊബിലിറ്റി എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ഡോ. സുരേഷ്‌കുമാർ അഭിപ്രായപ്പെട്ടു.

സാങ്കേതിക മുന്നേറ്റത്തിനൊപ്പം മനുഷ്യവിഭവശേഷിയുടെ വികസനത്തിനും തുല്യപ്രാധാന്യം നൽകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ആഗോള സാമ്പത്തിക സഹകരണത്തിന്‍റെ വിജയം വ്യാപാരത്തിന്‍റെയും നിക്ഷേപത്തിന്‍റെയും കണക്കുകളിൽ മാത്രം അളക്കാനാവില്ല. നൈപുണ്യങ്ങൾക്ക് അതിർത്തികൾ കടക്കാനും യോഗ്യതകൾക്ക് രാജ്യാന്തര അംഗീകാരം ലഭിക്കാനും യുവജനങ്ങൾക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്ന സംവിധാനങ്ങൾ സൃഷ്ടിക്കണം,' അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 10-ന് നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ വാർഷിക സമ്മേളനത്തിലും ബ്രിക്സ് അവാർഡ്ദാന ചടങ്ങിലും ഗാല ഡിന്നറിലും അദ്ദേഹം പങ്കെടുത്തു. ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വ്യവസായ-വാണിജ്യ നേതാക്കളും വിവിധ മേഖലകളിലെ പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു.

തുടർന്ന് സെപ്റ്റംബർ 11-ന് ഭാരത് മണ്ഡപത്തിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറം 2026-ലും ഡോ. സുരേഷ്‌കുമാർ പങ്കെടുത്തു. ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ വ്യാപാരം ശക്തിപ്പെടുത്തൽ, മികച്ച വിതരണ ശൃംഖലകൾ, കാർഷിക-അഗ്രിടെക് മേഖല, സേവന വ്യാപാരം, ബിസിനസിലെ സ്ത്രീപങ്കാളിത്തം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ഇന്നൊവേഷൻ തുടങ്ങിയ വിഷയങ്ങൾ ഫോറത്തിൽ ചർച്ചയായി.

ബ്രിക്സ് ബിസിനസ് ഫോറത്തിന്‍റെ ലീഡേഴ്‌സ് സെഷനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിൻ, ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ എന്നിവരുൾപ്പെടെ ബ്രിക്സ് രാജ്യങ്ങളിലെ ഉന്നത നേതാക്കൾ പങ്കെടുത്തു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ എന്നിവരും സമ്മേളനത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ സാന്നിധ്യം രേഖപ്പെടുത്തി. ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ആഗോള ദക്ഷിണത്തിന്‍റെ പങ്ക് എന്നിവയെക്കുറിച്ചുള്ള നിർണായക സന്ദേശങ്ങളാണ് നേതാക്കൾ പങ്കുവെച്ചത്.

ഇന്ത്യയിലെയും വിവിധ ബ്രിക്സ് രാജ്യങ്ങളിലെയും ഉന്നത നേതൃത്വത്തിന്‍റെ സാന്നിധ്യം ആഗോള സാമ്പത്തിക സഹകരണത്തിന്‍റെയും മാറിവരുന്ന ലോകക്രമത്തിന്‍റെയും ഭാവിയെക്കുറിച്ചുള്ള സുപ്രധാന കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നതിനുള്ള വേദിയായി.

2006-ൽ ബ്രിക് സഹകരണത്തിന് തുടക്കമിട്ടതിന്‍റെ ഇരുപതാം വർഷത്തിലാണ് 2026-ലെ സമ്മേളനങ്ങൾ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ നാല് രാജ്യങ്ങളിൽ ആരംഭിച്ച കൂട്ടായ്മ പിന്നീട് ദക്ഷിണാഫ്രിക്കയെയും തുടർന്ന് കൂടുതൽ രാജ്യങ്ങളെയും ഉൾപ്പെടുത്തി ഏഷ്യ, ആഫ്രിക്ക, മധ്യപൂർവദേശം, ലാറ്റിൻ അമേരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ആഗോള വേദിയായി വളർന്നു.

'Building for Resilience, Innovation, Cooperation and Sustainability' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ഇന്ത്യയുടെ 2026-ലെ ബ്രിക്സ് അധ്യക്ഷപദവി.

ബ്രിക്സ് ബിസിനസ് കൗൺസിലിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനത്തോടൊപ്പം വലിയ ഉത്തരവാദിത്വവുമാണെന്ന് ഡോ. സുരേഷ്‌കുമാർ പറഞ്ഞു.

'കൂടുതൽ ഉൾക്കൊള്ളുന്നതും ബഹുധ്രുവീയവുമായ ഒരു പുതിയ ആഗോള സാമ്പത്തിക ക്രമത്തിന്‍റെ വളർച്ചയാണ് ബ്രിക്സ് പ്രതിഫലിപ്പിക്കുന്നത്. ബഹുധ്രുവീയ ലോകം എന്നത് പുതിയ അധികാരകേന്ദ്രങ്ങൾ രൂപപ്പെടുക എന്നതിൽ ഒതുങ്ങരുത്. കൂടുതൽ രാജ്യങ്ങളെയും ജനങ്ങളെയും ആഗോള പുരോഗതിയുടെ പങ്കാളികളാക്കുന്നതായിരിക്കണം അതിന്‍റെ യഥാർഥ ലക്ഷ്യം. നൈപുണ്യവും സാങ്കേതികവിദ്യയും രാജ്യാന്തര ടാലന്‍റ് മൊബിലിറ്റിയും ബ്രിക്സ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ശക്തമായ പാലങ്ങളായി മാറണം,' അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ യുവജനശേഷികളിലൊന്നുള്ള ഇന്ത്യയ്ക്ക് ആഗോള നൈപുണ്യ-മാനവവിഭവ കേന്ദ്രമായി ഉയരാൻ വലിയ സാധ്യതയുണ്ടെന്നും ബ്രിക്സ് രാജ്യങ്ങളുമായി ചേർന്ന് നൈപുണ്യങ്ങളുടെ പരസ്പര അംഗീകാരം, ഡിജിറ്റൽ യോഗ്യതാ രേഖകൾ, ബ്രിക്സ് പാസ്പോർട്ട്, രാജ്യാന്തര തൊഴിൽ സഞ്ചാരം എന്നിവയ്ക്കായി പൊതുവായ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യശോഭൂമിയിൽ നിന്ന് ഭാരത് മണ്ഡപം വരെയുള്ള രണ്ടു ദിവസത്തെ ബ്രിക്സ് സമ്മേളനങ്ങളിൽ പങ്കെടുത്തത് ഇന്ത്യയുടെ നേതൃത്വത്തിൽ രൂപപ്പെടുന്ന പുതിയ ആഗോള സഹകരണത്തിന്‍റെ ഭാഗമാകാനും ഗ്ലോബൽ സൗത്തിന്‍റെ ശബ്ദം കൂടുതൽ ശക്തിപ്പെടുന്നതിന് സാക്ഷ്യം വഹിക്കാനും ലഭിച്ച അഭിമാനകരമായ അവസരമായിരുന്നുവെന്ന് ഡോ. സുരേഷ്‌കുമാർ പറഞ്ഞു.

"ഇന്ത്യയിൽ 80 ശതമാനം ആളുകളും നോൺ വെജ് കഴിക്കുന്നവർ"; ബ്രിക്സ് അത്താഴ മെനുവിനെതിരേ രാഹുൽ ഗാന്ധി

ഝാർ‌ഘണ്ഡിൽ കർക്കരി ഖനി തകർന്നു; 3 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

പുടിനും ഷിക്കും മോദി നൽകിയ ഭക്ഷണം എന്ത്? ബ്രിക്സ് ഉച്ചകോടിയുടെ അത്താഴവിരുന്നിലെ വിവിഐപി മെനു പുറത്ത്

പന്തെറിയാൻ ബുദ്ധിമുട്ടുള്ള ബാറ്റർ ആരെന്ന് ചോദ‍്യം; ഇന്ത‍്യൻ താരത്തെ തെരഞ്ഞെടുത്ത് അഫ്ഗാൻ പേസർ

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടാൻ കെഎസ്ഇബി