മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ ഇഡി പരിശോധന; 32 കോടി രൂപ പിടിച്ചെടുത്തു
മുംബൈ: മീരാഭയന്ദറില്‍ ഇഡി നടത്തിയ റെയ്ഡില്‍ വിവിഎംസി ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്ന് കണക്കില്‍ പെടാത്ത 32 കോടി രൂപയുടെ വസ്തുവകകള്‍ കണ്ടുകെട്ടി. പണമായി 9 കോടി രൂപയും ബാക്കി തുകയുടെ സ്വര്‍ണാഭരണങ്ങളും സ്വര്‍ണ ബിസ്‌ക്കറ്റുകളുമാണ് പിടിച്ചെടുത്തത്.
രണ്ടു ദിവസങ്ങളിലായി മുംബൈയിലും ഹൈദരാബാദിലുമായി 13 ഇടങ്ങളിലാണ് പരിശോധന നടന്നത്.വസായ് വിരാര്‍ മേഖലയില്‍ അനധികൃതമായി വാണിജ്യ പാര്‍പിട കെട്ടിടം നിര്‍മിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വലിയ തുക പിടിച്ചെടുത്തത്.
നാലസൊപാര ഈസ്റ്റിലെ അഗര്‍വാള്‍ നഗറില്‍ മലിനജല സംസ്‌കരണ പ്ലാന്‍റിനും ഡമ്പിംഗ് ഗ്രൗണ്ടിനുമായി നീക്കിവച്ച 60 ഏക്കര്‍ സ്ഥലത്ത് അനധികൃതമായി നിര്‍മിച്ച 41 കെട്ടിടങ്ങള്‍ നിര്‍മിച്ചു. ഇവ ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൊളിച്ചുമാറ്റി. 2500 പേര്‍ക്കാണ് ഇതോടെ വീട് നഷ്ടമായത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയിലാണ് ഉദ്യോഗസ്ഥന്‍റെ വീട്ടിലും പരിശോധന നടന്നത്.
മുന്‍ വിവിഎംസി കോര്‍പ്പറേറ്റര്‍ സീതാറാം ഗുപ്തയും സഹോദരനും കൂട്ടാളികളും ചേര്‍ന്ന് സ്വകാര്യ ഉടമകളുടെ ഉടമസ്ഥതയിലുള്ള 30 ഏക്കര്‍ ഭൂമിയും മാലിന്യ സംസ്‌കരണ പ്ലാന്റിനായി നീക്കിവച്ച 30 ഏക്കര്‍ ഭൂമിയും വ്യാജ ഉടമസ്ഥാവകാശ രേഖകള്‍ സമ്പാദിച്ച് വിവിധ ഡെവലപ്പര്‍മാര്‍ക്ക് വില്‍ക്കുകയാരിന്നു. ഇതില്‍ ഇവര്‍ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു.