മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷകസമരം
മുംബൈ: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രഹാര്‍ ജനശക്തി പാര്‍ട്ടി (പിജെപി) നേതാവ് ബച്ചുകടുവിന്‍റെ നേതൃത്വത്തില്‍ വന്‍ ട്രാക്ടര്‍ റാലി. കര്‍ഷകരുടെ വായ്പ സമ്പൂര്‍ണമായി എഴുതിത്തള്ളമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലി. ബച്ചുകടുവിന്‍റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കര്‍ഷകരും പിജെപി പ്രവര്‍ത്തകരും അണിനിരന്ന ട്രാക്ടര്‍ റാലി തിങ്കളാഴ്ച അമരാവതി ജില്ലയിലെ ചന്ദൂര്‍ബസാറില്‍നിന്ന് ആരംഭിച്ച് വാര്‍ധയില്‍ തങ്ങി ചൊവ്വാഴ്ച വൈകുന്നേരം നാഗ്പുരില്‍ എത്തി.
തങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് ബുധനാഴ്ച ബച്ചുകടു ഉറപ്പിച്ചു പറഞ്ഞു. തന്നെ മുംബൈയിലേക്ക് വിളിക്കുന്നതിനുപകരം, മുഖ്യമന്ത്രി നാഗ്പുരില്‍ ചര്‍ച്ചകള്‍ക്കായി തന്നെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റാലിയെ തുടര്‍ന്ന് നാഗ്പുര്‍-വാര്‍ധ റോഡില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
20 കിലോമീറ്ററിലേറെ ദൈര്‍ഘ്യത്തിലാണ് വാഹനഗാതഗതം സ്തംഭിച്ചത്. അതിനിടെ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് ഉത്തരവിറക്കി.ദേശീയപാത സ്തംഭിച്ചതിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസാണിത്.