ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: നവി മുംബൈയിലേക്ക് വിദേശസര്‍വകലാശാലകള്‍ എത്തുന്നു. നവിമുംബൈയെ എഡ്യൂക്കേഷന്‍ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശ സര്‍വകലാശാലകളെ സര്‍ക്കാര്‍ ഇവിടേക്ക് ക്ഷണിക്കുന്നത്. മുംബൈയില്‍ നടന്ന വേവ്സ് സമ്മിറ്റില്‍ ഇതിനായി 1500 കോടി രൂപ വീതം വകയിരുത്തി 2 ധാരണാ പത്രങ്ങളില്‍ ഒപ്പു വെച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.
യുകെ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു സര്‍വകലാശാലകളുടെയും വെസ്റ്റേണ്‍ ആസ്ട്രേലിയ സര്‍വകലാശാലയുടെയും കാംപസ് തുറക്കാനാണ് ധാരണയായിരിക്കുന്നത്. ഇത് സംബന്ധിച്ച കരാറുകളും ഇരുകൂട്ടരും ഒപ്പുവച്ചു. രാജ്യത്തെ ആദ്യ വിദേശ സര്‍വകലാശാല കാംപസായിരിക്കും ഇത്.
മറ്റ് മൂന്ന് വിദേശ സര്‍വകലാശാലകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും യുജിസിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിനായി കുട്ടികള്‍ വലിയ തോതില്‍ വിദേശത്തേക്ക് ചേക്കേറുന്നതിനിടെയാണ് വിദേശസര്‍വകലാശാലകള്‍ രാജ്യത്തേക്ക് എത്തുന്നത്.