നാലു വയസ്സുകാരിയെ 65 വയസ്സുകാരന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി
മുംബൈ: പുനെയിലെ ഭോര്‍ താലൂക്കിലെ നസ്രാപുര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച 65-കാരന്‍ നാലു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി വേനല്‍ക്കാല അവധിയാഘോഷിക്കാന്‍ മുത്തശ്ശിയുടെ വീട്ടില്‍ താമസിച്ചുവരുകയായിരുന്നു. വീടിനടുത്ത ക്ഷേത്രത്തിനു സമീപം കളിക്കുകയായിരുന്ന കുട്ടിയെ പ്രതി ഭക്ഷണം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് കാലിത്തൊഴുത്തിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. കുറ്റകൃത്യം മറച്ചുവെക്കാന്‍ പ്രതി മൃതദേഹം ഷെഡ്ഡിനുള്ളിലെ ചാണകക്കുഴിയില്‍ കുഴിച്ചിട്ടു.
പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന്, കുടുംബവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വൈകുന്നേരം 3.15-ഓടെ പ്രതി പെണ്‍കുട്ടിയെ കൊണ്ടുപോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കണ്ടെത്തി. പിന്നീടുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കാലിത്തൊഴുത്തിലെ ചാണകക്കൂമ്പാരത്തില്‍ കണ്ടെത്തി. പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ രോഷാകുലരായ ജനക്കൂട്ടം വെള്ളിയാഴ്ച രാത്രിയില്‍ പുനെ-സത്താറ ഹൈവേ ഉപരോധിച്ചു. പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്.
മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. പ്രതിഷേധക്കാര്‍ ശനിയാഴ്ച പ്രദേശത്ത് ബന്ദ് ആചരിച്ചു. കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും മുന്‍പ് ലൈംഗികാതിക്രമ കേസുകളില്‍ അറസ്റ്റിലായിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. ബലാത്സംഗം, കൊലപാതകം, പോക്‌സോ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്ന് പുനെ റൂറല്‍ പൊലീസ് സൂപ്രണ്ട് സന്ദീപ് സിങ് ഗില്‍ പറഞ്ഞു. പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.