ഐഎന്‍എസ് മാഹി
മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ കരുത്തിന് പുതിയ ഊര്‍ജം പകര്‍ന്ന് കൊച്ചി കപ്പല്‍ശാലയില്‍ പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ഐഎന്‍എസ് മാഹി നവംബര്‍ 24 ന് മുംബൈയില്‍ കമ്മിഷന്‍ ചെയ്യും. ആഴം കുറഞ്ഞ തീരദേശ ജലങ്ങളില്‍ അന്തര്‍വാഹിനികളെ കണ്ടെത്തി നശിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഈ ആധുനിക യുദ്ധക്കപ്പല്‍, സമുദ്രാതിര്‍ത്തി സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും.
നാവികസേനയുടെ തീരദേശ പോരാട്ട ശേഷിയില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തുന്നതാണ് ഈ നീക്കം. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (സിഎസ്എല്‍) നിര്‍മിച്ച മാഹി, നാവിക കപ്പല്‍ രൂപകല്‍പ്പനയിലും നിര്‍മാണത്തിലും എല്ലാം ഇന്ത്യന്‍ ടച്ചുണ്ട്. ഒക്റ്റോബര്‍ 23 ന് നാവികസേനയ്ക്ക് കൈമാറിയ ഈ കപ്പല്‍ ഒതുക്കമുള്ളതാണ്. ആത്മനിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി പൂര്‍ണമായും തദ്ദേശിയമായി നിര്‍മിച്ചതാണിത്.
അന്തര്‍വാഹിനികളെ വേട്ടയാടാനും തീരദേശ പട്രോളിങ് നടത്താനും ഇന്ത്യയുടെ തന്ത്രപ്രധാനമായ സമുദ്ര സമീപനങ്ങള്‍ സുരക്ഷിതമാക്കാനും ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. കടലിനടിയിലെ യുദ്ധ ശേഷി ശക്തിപ്പെടുത്തുന്നതിനായി ടോര്‍പ്പിഡോകളും അന്തര്‍വാഹിനി വിരുദ്ധ റോക്കറ്റുകളും ഇതില്‍ നിന്ന് വിക്ഷേപിക്കാന്‍ സാധിക്കും.
മലബാര്‍ തീരത്തെ ചരിത്രപ്രസിദ്ധമായ തീരദേശ പട്ടണമായ മാഹിയുടെ പേരിലുള്ള ഈ കപ്പലിന്‍റെ ചിഹ്നത്തില്‍ കളരിപ്പയറ്റിന്‍റെ വഴക്കമുള്ള വാളായ ഉറുമി മുദ്ര പതിപ്പിച്ചിട്ടുണ്ട്, ഇത് ചടുലത, കൃത്യത, മാരകമായ ചാരുത എന്നിവയുടെ പ്രതീകമാണ്.