മുളുണ്ട് കേരള സമാജം ഓണാഘോഷം സെപ്റ്റംബര്‍ 20ന്
മുംബൈ: മുളുണ്ട് കേരള സമാജത്തിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 20-ന് മുളുണ്ട് വെസ്റ്റിലെ അപ്ന ബസാറിനു മുകളിലുള്ള മഹാരാഷ്ട്ര സേവ സംഘ് ഹാളില്‍ വിവിധ കലാപരിപാടികളോടെ ആഘോഷപൂര്‍വ്വം നടക്കും. രാവിലെ 10 മണിക്ക് സമാജം പ്രസിഡന്‍റ് ടി.കെ. രാജേന്ദ്രബാബു, ജനറല്‍ സെക്രട്ടറി ബികെ.കെ. കണ്ണന്‍, ട്രഷറര്‍ മുരളിധരന്‍, പ്രോഗ്രാം കണ്‍വീനര്‍ ശശിധരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.
തുടര്‍ന്ന് സമാജം അംഗങ്ങളും മുംബൈയിലെ പ്രശസ്ത കലാകാരന്മാരും വേദിയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കും. മുംബൈയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ചടങ്ങില്‍ ആദരിക്കുന്നതാണ്.
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ എസ്എസ്‌സി, എച്ച്എസ്‌സി പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥിക്കുള്ള അജിത് കുമാര്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്യും. ഉഷാ രാധാകൃഷ്ണന്‍റെ നേതൃത്വത്തില്‍ വനിതാ വിഭാഗം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, മഹാബലി ചക്രവര്‍ത്തിയുടെ എഴുന്നള്ളത്ത്, ഫ്‌ലവേഴ്സ് ടോപ് സിംഗര്‍ സീസണ്‍ 5 വിജയി ശിവ ശങ്കര്‍ കൃഷ്ണ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ പരിപാടികള്‍ക്ക് മാറ്റുകൂട്ടും.
നൃത്താധ്യാപിക ഗിരിജ ടീച്ചറുടെ നേതൃത്വത്തില്‍ മുളുണ്ടിലെ ഗീത നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന 'ശ്രീകൃഷ്ണ ലീല ബാലെ', കലാമണ്ഡലം സി. ഗോപാലകൃഷ്ണന്‍റെ സംവിധാനത്തില്‍ മലയാളത്തിന്‍റെ പ്രിയകവി ചങ്ങമ്പുഴയുടെ പ്രശസ്ത കവിതയായ 'രമണന്‍' അടിസ്ഥാനമാക്കിയുള്ള നൃത്താവിഷ്‌കാരം എന്നിവയും അരങ്ങേറും. സംഗീത, സുപ്രഭ നായര്‍, ഇടശ്ശേരി രാമചന്ദ്രന്‍ എന്നിവരാണ് പരിപാടിയുടെ അവതരണം നിര്‍വഹിക്കുന്നത്. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം ഉച്ചയ്ക്ക് 2 മണിയോടെ ഓണാഘോഷ പരിപാടികള്‍ സമാപിക്കും.