ബികെസിയില്‍ നിന്ന് വര്‍ളിയിലേക്ക് അടുത്ത മാസം മുതല്‍ മെട്രൊയില്‍ കുതിക്കാം
മുംബൈ: നഗരത്തിലെ ആദ്യഭൂഗര്‍ഭ മെട്രൊയായ മെട്രൊ മൂന്നിന്‍റെ രണ്ടാം ഘട്ടം ഏപ്രിൽ 10ന് തുറക്കും. ആദ്യഘട്ടം കഴിഞ്ഞ ഒക്ടോബറില്‍ തുറന്നിരുന്നു. ബികെസിയില്‍ നിന്നു വര്‍ളിയിലേക്കുള്ള 9.3 കിലോമീറ്റര്‍ ഭാഗമാണ് തുറക്കുന്നത്. ഇതോടെ ആരേ കോളനി മുതല്‍ വര്‍ളി വരെയുള്ള 22 കിലോമീറ്റര്‍ പ്രവര്‍ത്തനസജ്ജമാകും.
ആരേ കോളനി മുതല്‍ കൊളാബ വരെ 33.5 കിലോമീറ്റര്‍ പാതയാണ് മെട്രൊ മൂന്ന് എന്നറിയപ്പെടുന്നത്. പൂര്‍ണമായും ഭൂഗര്‍ഭപാത പ്രവര്‍ത്തനസജ്ജമാകുന്നതോടെ നഗരഗതാഗത്തില്‍ നിര്‍ണായകപാതയായും മെട്രൊ മൂന്ന് മാറും.
ആരേ കോളനിയില്‍ നിന്ന് വര്‍ളി വരെ യാത്ര ചെയ്യാന്‍ 60 രൂപ മതിയാകും. 22 കിലോമീറ്റര്‍ 36 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ബികെസി-വര്‍ളി ഭാഗത്ത് 6 സ്റ്റേഷനുകളാണ് പ്രവര്‍ത്തനസജ്ജമാകുന്നത്. ഇതോടെ 27 സ്റ്റേഷനുകഴില്‍ 16 സ്റ്റേഷനുകളും ഏപ്രില്‍ 10 മുതല്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാകും.
ലോക്കല്‍ ട്രെയിനുകളില്‍ നിന്ന് വലിയൊരു വിഭാഗം യാത്രക്കാര്‍ മെട്രൊ ട്രെയിനിലേക്ക് മാറുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. രണ്ടാം ഘട്ടം കൂടി പ്രവര്‍ത്തനസജ്ജമാകുന്നതോടെ ദിവസേന 7ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.