മുംബൈ: വിഷുക്കകണിയും സദ്യയുമൊരുക്കി വിഷുവിനെ എതിരേൽക്കാനുള്ള തയാറെടുപ്പിലാണ് മുംബൈ നഗരത്തിലെ മലയാളികളും. ഏറ്റവും കൂടുതൽ മലയാളികളുള്ള മഹാരാഷ്ട്രയിലെ വിഷു ആഘോഷം ഗംഭീരമാണ്.കേരളത്തിൽ എന്നപോലെ നഗരത്തിലെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും വിഷുക്കണി ഒരുക്കുന്നുണ്ട്. മാട്ടുങ്ക ഗുരുവായൂരപ്പൻ ക്ഷേത്രം, മുലുണ്ട് കൊച്ചു ഗുരുവായൂർ ക്ഷേത്രം, വാഷി വൈകുണ്ഡം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലൊക്കെയും വലിയ തിരക്കാണ് രാവിലെ മുതൽ പ്രതീക്ഷിക്കുന്നത്. കൂടാതെ താനെയിലെ പ്രധാന ക്ഷേത്രങ്ങളായ വർത്തക് അയ്യപ്പ ക്ഷേത്രം, ശ്രീനഗർ അയ്യപ്പ ക്ഷേത്രം, കിസാൻ നഗർ അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളിലും വിഷുക്കണി ഒരുക്കുന്നുണ്ട്.
ഇപ്രാവശ്യം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കച്ചവടം നടന്നതിന്‍റെ സന്തോഷത്തിലാണ് മലയാളി കച്ചവടക്കാർ. താനെ വാഗ്ലെ എസ്റ്റേറ്റ് ശാന്തി നഗറിൽ മലയാളി കട നടത്തുന്ന അനിൽ നായർക്ക് കഴിഞ്ഞ തവണത്തെക്കാൾ കച്ചവടം നടന്നതായാണ് പറയാനുണ്ടായിരുന്നത്.
നഗരത്തിലെ പ്രധാന മലയാളി ഹോട്ടലുകളിൽ വിഷു സദ്യക്കുള്ള ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. നഗരത്തിലെ പ്രധാന മലയാളി ഹോട്ടലുകളായ ചെമ്പൂരിൽ ഉള്ള മണീസ് ഹോട്ടലും, പവായിലുള്ള എം ടി കെ യും വിപുലമായ സദ്യയാണ് ഒരുക്കിയിരിക്കുന്നതെന്നു അറിയിച്ചു. കൂടാതെ താനെ വാഗ്ലെ എസ്റ്റേറ്റ് ശാന്തി നഗർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പി എൻ പി കാറ്റേഴ്സ് ഉം(പ്രസീത നോബി പ്രദീപ് പവിത)വിഷുസദ്യ ഒരുക്കി കൊടുക്കുന്നു.