ശ്രീനാരായണ മന്ദിരസമിതി വാര്‍ഷിക പൊതുയോഗം
മുംബൈ: ശ്രീനാരാണയണ മന്ദിരസമിതിയുടെ അറുപത്തിയൊന്നാമത് വാര്‍ഷിക പൊതുയോഗം സമിതിയുടെ ചെമ്പൂര്‍ കോംപ്ലക്‌സില്‍ നടന്നു. പ്രസിഡന്‍റ് എം. ഐ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എന്‍. മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി ഒ. കെ. പ്രസാദ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറാര്‍ വി. വി. ചന്ദ്രന്‍, അസിസ്റ്റന്‍റ് ട്രഷറാര്‍ പി. പൃത്വിരാജ് എന്നിവര്‍ ചേര്‍ന്ന് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
വിദ്യാഭ്യാസ സാമൂഹിക- സാംസ്‌കാരിക രംഗങ്ങളില്‍ സമിതി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും ശ്രീനാരായണ ദര്‍ശനം അതിന്‍റെ പൂര്‍ണമായ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ ആഗോളതലത്തില്‍ പ്രചരിപ്പിക്കുവാന്‍ ശ്രീനാരായണ മന്ദിരസമിതി പ്രതിജ്ഞാബദ്ധമാണെന്നും സമിതി പ്രസിഡന്‍റ് എം. ഐ. ദാമോദരന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിദഗ്ദ്ധരുടെ സഹകരണത്തോടെ ശ്രീനാരായണ ഗുരുവിനെ സംബന്ധിക്കുന്ന രണ്ടു ലക്ഷത്തിലധികം ചരിത്രരേഖകള്‍ വരും തലമുറയ്ക്കായി ഡിജിറ്റല്‍ രൂപത്തിലാക്കുന്ന ജോലിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയതിനെക്കുറിച്ചും ഇതിലേക്കാവശ്യമായ നിരവധി ചരിത്രരേഖകള്‍ സമാഹരിക്കാന്‍ സമിതിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും
കലാ- സാംസ്‌കാരിക രംഗങ്ങളിലൂടെ ഗുരുദര്‍ശനം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു കലാക്ഷേത്രം ആരംഭിച്ചുവെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി സമിതിക്കുണ്ടായിട്ടുള്ള വളര്‍ച്ച സമിതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നും ചെമ്പൂര്‍ വിദ്യാഭ്യാസ സമുച്ചയത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍, ഉള്‍വെ ഇന്‍റര്‍നാഷണല്‍ സ്‌കൂളിന്‍റെ പ്രവര്‍ത്തനം , പുതിയതായി നിര്‍മിച്ച താരാപ്പൂരിലെ ഡോ. പല്‍പ്പു മെമ്മോറിയല്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടനം , ശ്രീനാരായണ ഗുരു വിദ്യാഭ്യാസ സമുച്ചയം കല്‍പ്പിത സര്‍വകലാശാലയാക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് തുടങ്ങിയവ ഇതിനുദാഹരണങ്ങളാണെന്നും ചെയര്‍മാന്‍ എന്‍. മോഹന്‍ദാസ് പറഞ്ഞു.
സമിതിയ്ക്ക് ഇപ്പോഴുള്ള 39 യൂണിറ്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്‍പതു പുതിയ ഗുരുസെന്‍ററുകള്‍ കൂടി വാങ്ങുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്ത മേഖലകളില്‍ കൂടുതല്‍ യൂണിറ്റുകള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും സമിതിയുടെ വികസന പന്ഥാവിലെ നാഴികക്കല്ലായിരുന്നു കഴിഞ്ഞ ഏതാനും വര്‍ഷക്കാലമെന്നും ജനറല്‍ സെക്രട്ടറി ഒ. കെ. പ്രസാദ് പറഞ്ഞു. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഫീസിളവും സൗജന്യ യൂണിഫോമും മറ്റും നല്‍കി സമിതിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിച്ചുവരുന്നുവെന്നും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമിതിയുടെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് നൂറുശതമാനം വിജയം വരിക്കാനും കഴിഞ്ഞിട്ടുണ്ടെന്നും ഒ. കെ. പ്രസാദ് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമിതി അംഗങ്ങള്‍ക്കും അര്‍ഹരായ മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടും വിധം സമിതി മെഡിക്കല്‍ എയിഡ് ഫണ്ട് രൂപീകരിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്‍റ് സെക്രട്ടറി വി. എന്‍. അനില്‍കുമാര്‍ പറഞ്ഞു.
സമിതിയുടെ ഇതുവരെയുള്ള സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത് തികച്ചും സ്വതന്ത്രമായ പ്രവര്‍ത്തനത്തിലേക്ക് സമിതിയെ നയിക്കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ഥ്യത്തോടെയാണ് സമിതി ഈ വാര്‍ഷിക പൊതുയോഗത്തെ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമിതിയുടെ ചരിത്രത്തിലാദ്യമായി എല്ലാ സാമ്പത്തിക ബാധ്യതകളും അടച്ചുതീര്‍ത്തു നല്ലൊരു തുക നീക്കിയിരുപ്പായി കാണിക്കാന്‍ കഴിഞ്ഞിട്ടുള്ള ഒരു ബാലന്‍സ് ഷീറ്റാണ് ഈ വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിക്കുന്നതെന്ന് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചുകൊണ്ട് ട്രഷറാര്‍ വി. വി. ചന്ദ്രന്‍ പറഞ്ഞു. എന്‍. എസ്. സലിംകുമാര്‍ , കെ. എന്‍. ജ്യോതീന്ദ്രന്‍, എം. എം. രാധാകൃഷ്ണന്‍, ശ്രീരത്‌നന്‍ നാണു, സദാനന്ദന്‍, സുമപ്രകാശ്, എം. എസ്. രാജു, സുരേഷ് ദിവാകരന്‍, പ്രദീപ്കുമാര്‍ വി. പി., വിജയന്‍ എന്‍., ബിനു തങ്കപ്പന്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.