മാതോശ്രീയിൽ ബാൽ താക്കറെയുടെ ചിത്രത്തിനു മുന്നിൽ ഉദ്ധവ് താക്കറെയും രാജ് താക്കറെയും
ന്യൂഡൽഹി: ദീർഘമായ ഇടവേളയ്ക്കൊടുവിൽ മഹാരാഷ്ട്ര നവനിർമാൺ സേനാ തലവൻ രാജ് താക്കറെ ശിവസേന-യുബിടി നേതാവ് ഉദ്ധവ് താക്കറെയെ വസതിയിലെത്തി സന്ദർശിച്ചു. ബാൽ താക്കറെയുടെ പ്രശസ്തമായ 'മാതോശ്രീ' എന്ന വസതിയിൽ പതിമൂന്നു വർഷത്തിനു ശേഷമാണ് രാജ് താക്കറെ കാല് കുത്തുന്നത്.
ഉദ്ധവിന്‍റെ ജന്മദിനത്തിൽ നേരിട്ട് ആശംസ അറിയിക്കാനാണ് രാജ് എത്തിയത്. ഇരുവരും തമ്മിൽ തെരഞ്ഞെടുപ്പിനു മുൻപ് സഖ്യത്തിലെത്താനുള്ള നീക്കങ്ങൾ ഊർജിതമായി നടക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. ജൂലൈ അഞ്ചിന് ഇരുവരും വേദി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
2012ൽ ബാൽ താക്കറെ മരിച്ച സമയത്താണ് രാജ് താക്കറെ ഇതിനു മുൻപ് അവസാനമായി മാതോശ്രീയിലെത്തുന്നത്. അതിനു മുൻപ് 2005 ഡിസംബറിലാണ് ശിവസേനയിൽ ഉദ്ധവിന്‍റെ സ്വാധീനം വർധിക്കുന്നതിൽ കലഹിച്ച് രാജ് താക്കറെ കുടുംബവുമായും പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചത്. പിന്നാലെ മഹാരാഷ്ട്ര നവനിർമാൺ സേന രൂപീകരിക്കുകയും ചെയ്തു.