രാജ് താക്കറെയ്ക്കും ഉദ്ധവ് താക്കറെയ്ക്കും ഒപ്പം ബാലാസാഹബ് താക്കറെ

 

File photo

Mumbai

''എല്ലാത്തിലും വലുത് മഹാരാഷ്ട്ര'', താക്കറെ കസിൻസ് ഒന്നിക്കുന്നു?

മറാഠി, ഇംഗ്ലിഷ് മീഡിയം സ്കൂളുകളിൽ ഹിന്ദി നിർബന്ധിത പാഠ്യവിഷയമാക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിൽ രാജ് താക്കറെയ്ക്കും ഉദ്ധവ് താക്കറെയ്ക്കും ശക്തമായ എതിർപ്പ്

സ്വന്തം ലേഖകൻ

മുംബൈ: ബാൽ താക്കറെയുടെ പുത്രനും സഹോദരപുത്രനും വഴിപിരിയുന്നത് 2005ലാണ്. അന്ന് ഉദ്ധവ് താക്കറെയുമായി പിണങ്ങി മഹാരാഷ്ട്ര നവനിർമാൺ സേന രൂപീകരിച്ച രാജ് താക്കറെ ഇപ്പോൾ മുഴക്കുന്നത് ഐക്യത്തിന്‍റെ കാഹളം. ഏകനാഥ് ഷിൻഡെ 2022ൽ കളം മാറി ചവിട്ടിയപ്പോൾ കാല് പൊള്ളിയ ഉദ്ധവ് താക്കറെയ്ക്കും രാജ് താക്കറെയുടേതിനു സമാനമായ സ്വരം.

രണ്ട് പതിറ്റാണ്ടിന്‍റെ ഇടവേളയ്ക്കു ശേഷം താക്കറെ കസിൻസ് പുനസമാഗമത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് മഹാരാഷ്ട്രയിൽ നിന്നുള്ള സൂചന. മഹാരാഷ്ട്രയുടെ ഭാഷാപരവും സാംസ്കാരികവുമായ താത്പര്യങ്ങൾക്ക് രാഷ്ട്രീയവൈരങ്ങൾക്കെല്ലാം മുകളിൽ പ്രസക്തിയുണ്ടെന്ന സന്ദേശമാണ് വ്യത്യസ്ത പരിപാടികളിൽ ഇരുനേതാക്കളും നൽകിയത്.

ചലച്ചിത്രകാരൻ മഹേഷ് മഞ്ജ്രേക്കറുടെ പോഡ്കാസ്റ്റിൽ സംസാരിക്കവേ രാജ് താക്കറെ ഇക്കാര്യത്തിൽ നിലപാട് കൂടുതൽ വ്യക്തമാക്കുകയും ചെയ്തു.

''ഉദ്ധവും ഞാനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ നിസാരമാണ്. മഹാരാഷ്ട്രയാണ് പ്രധാനം. ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ മഹാരാഷ്ട്രയുടെയും മറാഠി ജനതയുടെയും നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്നു. പുനസമാഗമം ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇച്ഛാശക്തിയുടെ മാത്രം പ്രശ്നമാണ്. ഞങ്ങൾ മാത്രമല്ല, കൂടുതൽ വിശാലമായി വേണം ഇതിനെ കാണാൻ. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽനിന്നുള്ള എല്ലാ മറാഠി ജനങ്ങളും പുറത്തുവന്ന് ഒരൊറ്റ പാർട്ടി രൂപീകരിക്കണം'', രാജ് താക്കറെ പറഞ്ഞു.

അതേസമയം, താൻ ശിവസേന വിട്ടതും ഷിൻഡെ പാർട്ടി പിളർത്തിയതും തമ്മിൽ വ്യത്യാസമുണ്ടെന്നും രാജ് താക്കറെ ചൂണ്ടിക്കാട്ടി.

''എംപിമാരും എംഎൽഎമാരും കൂടെയുള്ളപ്പോൾ തന്നെയാണ് ഞാൻ ഒറ്റയ്ക്ക് ശിവസേനയിൽ നിന്ന് ഇറങ്ങിപ്പോന്നത്. ബാലാസാഹബ് താക്കറെ ഒഴികെ ആരുടെയും കീഴിൽ പ്രവർത്തിക്കാൻ എനിക്കു കഴിയുമായിരുന്നില്ല. ഉദ്ധവിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് എതിർപ്പും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഉദ്ധവും കൂട്ടർക്കും എന്നോടൊപ്പം പ്രവർത്തിക്കാൻ സാധിക്കുമോ എന്നതാണ് ചോദ്യം'', രാജ് താക്കറെ കൂട്ടിച്ചേർത്തു.

നിസാര പ്രശ്നങ്ങൾ മറക്കാൻ തയാറാണെന്നാണ് ഉദ്ധവ് താക്കറെ ഈ വിഷയത്തിൽ പ്രതികരിച്ചത്. മറാഠി ജനത മുഴുവൻ മഹാരാഷ്ട്രയുടെ താത്പര്യങ്ങൾക്കായി ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മറാഠി - ഇംഗ്ലിഷ് മീഡിയം സ്കൂളുകളിലെ ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ ഹിന്ദി നിർബന്ധിത പാഠ്യവിഷയമാക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിൽ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയും ഉദ്ധവ് താക്കറെയും ശിവസേന - യുബിടിയും ശക്തമായ എതിർപ്പാണ് പ്രകടിപ്പിക്കുന്നത്.

ആദ്യ ഐഎസ്ആര്‍ഒ- നാസ സംയുക്ത ദൗത്യം; നിസാര്‍ വിജയകരമായി വിക്ഷേപിച്ചു | Video

കൊല്ലത്ത് 21കാരി ആണ്‍ സുഹൃത്തിന്‍റെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ; കേസ് എൻഐഎ കോടതിയിലേക്ക്

അഞ്ചാം ടെസ്റ്റിനു സ്റ്റോക്സ് ഇല്ല; ഇംഗ്ലണ്ട് ടീമിൽ നാല് മാറ്റങ്ങൾ

ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതിയുടെ മരണം: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍