മുംബൈയിലെ വൈറൽ ഓട്ടൊ റിക്ഷ ഡ്രൈവർ അശോക്
ഫയൽ
മുംബൈ: ഓട്ടൊ ഡ്രൈവറായ അശോക് പ്രതിമാസം ഓട്ടം പോവാതെ തന്നെ എട്ട് ലക്ഷം രൂപയോളം സമ്പാദിക്കുന്നുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. മുംബൈയിലെ യുഎസ് കോണ്‍സുലേറ്റിലെത്തുന്നവരുടെ ബാഗുകളും, ഫോണുകളുമടങ്ങുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് ഈടാക്കുന്ന ഫീസിലൂടെയാണ് അശോക് വലിയ വരുമാനം കണ്ടെത്തിയിരുന്നത്.
ഇക്കാര്യം ലെന്‍സ്‌കാര്‍ട്ടിന്‍റെ പ്രൊഡക്റ്റ് ലീഡറായ രാഹുല്‍ രൂപാണി ലിങ്ക്ഡിന്‍ എന്ന നവമാധ്യമത്തില്‍ ഷെയര്‍ ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയത്. എന്നാല്‍ അശോകിന്‍റെ വരുമാന മാര്‍ഗം ഇപ്പോള്‍ അവസാനിപ്പിക്കാന്‍ പൊലീസ് നിര്‍ദേശിച്ചിരിക്കുകയാണ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണിത്.
ഉയര്‍ന്ന സുരക്ഷയുള്ള നയതന്ത്ര മേഖലയില്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചു കൊണ്ടുള്ള അശോകിന്‍റെ സേവനം അനധികൃതമാണെന്നു പൊലീസ് അറിയിച്ചു. അശോകിന് ലോക്കര്‍ സേവനങ്ങള്‍ നല്‍കാനുള്ള അനുമതി ഉണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു.
അശോകിനെയും സമാന സേവനം വാഗ്ദാനം ചെയ്യുന്ന 12 പേരെയും പൊലീസ് വിളിച്ചു വരുത്തി മുന്നറിയിപ്പ് നല്‍കിയെന്നാണ് പുതിയ റിപ്പോർട്ട്. ഇത്തരം സേവനങ്ങള്‍ വീണ്ടും ആരംഭിക്കുന്നതിനെതിരേ പൊലീസ് മുന്നറിയിപ്പും നല്‍കി കഴിഞ്ഞു.
ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കോണ്‍സുലേറ്റിലേക്ക് ബാഗോ ഫോണോ മറ്റ് സാധന സാമഗ്രികളോ അനുവദനീയമല്ല. ഇക്കാര്യം അറിയാത്തവര്‍ ഇവ എവിടെ സൂക്ഷിക്കുമെന്നറിയാതെ അലയുമ്പോള്‍ അശോക് അവിടെയെത്തുകയും അവരുടെ ബാഗും മറ്റ് സാധനങ്ങളും സൂക്ഷിക്കാന്‍ തയാറാവുകയും ചെയ്യുകയാണു പതിവ്. ബാഗ് സൂക്ഷിക്കുന്നതിനുള്ള ഫീസായി അശോക് ഈടാക്കുന്നത് 1000 രൂപയാണ്. ഒരു ദിവസം അശോക് 20 മുതല്‍ 30 പേരുടെ വരെ ബാഗുകള്‍ ഇത്തരത്തില്‍ സൂക്ഷിക്കാറുണ്ടായിരുന്നു.