ഗുരുദേവഗിരിയില്‍ സന്യാസ ദീക്ഷ നല്‍കുന്നു
നവിമുംബൈ : ഗുരുദേവഗിരി തീര്‍ഥാടന രജത ജൂബിലിയാഘോഷത്തോടനുബന്ധിച്ച്, 31-ന് ശനിയാഴ്ച പ്രതിഷ്ഠാ വാര്‍ഷിക ദിനത്തില്‍ ഗുരുദേവഗിരിയില്‍ വെച്ച് അമെരിക്കന്‍ പൗരന്മാരായ ബ്രൂസ് റെയ് റുസെല്‍, അഡ്രിയെന്നെ ഗ്രേഡി സ്മിത്ത് എന്നിവര്‍ ശിവഗിരി മഠത്തിലെ സന്യാസിമാരില്‍നിന്ന് സന്യാസദീക്ഷ സ്വീകരിക്കും.
പുലര്‍ച്ചെ 3.30 മുതല്‍ 8.30 വരെയാണ് ചടങ്ങ്. ആദ്യമായാണ് ഇത്തരമൊരു കര്‍മത്തിന് ഗുരുദേവഗിരി വേദിയാവുന്നത്. ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ സജീവപ്രവര്‍ത്തകരായ ഇവര്‍ ഗുരുദേവ ദര്‍ശനവും കൃതികളും പഠിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് തുടക്കമെന്ന നിലയില്‍ അവരുടെ ആഗ്രഹപ്രകാരം സന്ന്യാസദീക്ഷ നല്‍കുന്നത്തിനായി ശ്രീനാരായണ മന്ദിരസമിതി സൗകര്യം ഒരുക്കുന്നതെന്ന് സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരന്‍ പറഞ്ഞു. ഗുരുദേവന്‍റേതായി ലോകത്താകെ അവശേഷിക്കുന്ന തിരുശേഷിപ്പായ ദിവ്യ ദന്തങ്ങള്‍ ദര്‍ശിക്കാന്‍ ഫെബ്രുവരി ഒന്നിന് ഞായറാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ അവസരമൊരുക്കും.
സമിതിയുടെ ഗുരുദേവഗിരി ക്ഷേത്രസമുച്ചയത്തില്‍ പ്രത്യേകം നിര്‍മിച്ച ക്ഷേത്രത്തിലാണ് ദിവ്യദന്തങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ മാത്രം ക്ഷേത്രം തുറന്നു ഈ ഭൗതിക തിരുശേഷിപ്പ് പുറത്തെടുത്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി വെയ്ക്കാറുണ്ട്. ശിവഗിരിയില്‍നിന്നുള്ള സന്യാസിമാര്‍ എത്തിയാണ് ഈ കര്‍മം നിര്‍വഹിക്കുന്നത്.