സീവുഡ്സ് സമാജത്തിന്‍റെ ഓണം ഒപ്പുലന്‍സ് സെപ്റ്റംബര്‍ 6 ന്
മുംബൈ: മുംബൈ നഗരത്തിലെ ഏറ്റവും ശ്രദ്ധേയവും വര്‍ണ്ണാഭവുമായ ഓണാഘോഷത്തിന് സീവുഡ്‌സ് ഒരുങ്ങുന്നു. സീവുഡ്‌സ് മലയാളി സമാജവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ കോംപ്ലക്‌സുകളിലൊന്നായ നെക്‌സസ് മാളും കൈകോര്‍ത്ത് ഭീമന്‍ പൂക്കളവും കലാ സാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു.
അടുത്ത മാസം 6ന് രാവിലെ പത്തര മുതല്‍ ഭീമന്‍ പൂക്കളം മാളിന്റെ അകത്തളത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിന് ഒരുങ്ങും. അന്ന് വൈകിട്ട് നാലര മുതല്‍ ഒമ്പത് വരെ വിവിധ കലാപരിപാടികളും അരങ്ങേറും.ഓണവും കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഓണം ഓപ്പുലന്‍സ് എന്ന കലാസന്ധ്യയില്‍ മെഗാപ്പൂക്കളത്തിന് പുറമേ കഥകളി, മാവേലിത്തമ്പുരാന്‍റെ സന്ദര്‍ശനം, ചെണ്ടമേളം, തിരുവാതിരക്കളി, മോഹിനിയാട്ടം, എത്തിനിക് നൃത്തം എന്നിവയുമുണ്ടാവും.
കൂടാതെ പരശുരാമന്‍, വാമനന്‍ തുടങ്ങിയ നടന്നു നീങ്ങുന്ന വേഷങ്ങളും കലാസന്ധ്യയില്‍ അണിനിരക്കും. ഓണത്തെയും കേരള സംസ്‌ക്കാരത്തേയും അന്യസംസ്ഥാനക്കാര്‍ക്ക് പരിചിതമാക്കുന്ന രീതിയിലാണ് ഓണം ഓപ്പുലന്‍സ് ഒരുക്കിയിരിക്കുന്നത്.
ജാതി - മത - ദേശ - ഭാഷ - തൊഴില്‍ - സമാജ സംഘടന - രാഷ്ട്ര - രാഷ്ട്രീയ ഭേദമന്യേ, സീവുഡ്‌സ് സമാജം വര്‍ഷങ്ങളായി സീവുഡ്‌സ് മാളില്‍ ഭീമന്‍ പൂക്കളമൊരുക്കി പ്രളയബാധിതയായ കേരളത്തിന് കൈത്താങ്ങായി മുന്നിട്ടിറങ്ങി വന്നിരുന്നു. ഏറ്റവും അധികം അന്യഭാഷക്കാര്‍ പങ്കെടുക്കുന്ന ഓണാഘോഷമെന്ന ബഹുമതിയും ഓണം ഓപ്പുലന്‍സിനുണ്ട്.
കേരളത്തിന്‍റെ സാംസ്‌ക്കാരിക വൈവിധ്യത്തെ വിളിച്ചോതുന്ന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. റെക്കോഡിനരികെ എത്തുന്ന പൂക്കളമൊരുക്കുന്നത് സീവുഡ്‌സ് സമാജത്തിന്‍റെ നൂറില്‍പ്പരം കലാകാരന്മാരാണ്.മുംബൈയിലെ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സമാജങ്ങളിലൊന്നായ സീവുഡ്‌സ് മലയാളി സമാജം ഇത് ആറാം തവണയാണ് മെഗാപ്പൂക്കളമൊരുക്കുവാന്‍ സീവുഡ്‌സ് ഗ്രാന്റ് സെന്‍ട്രല്‍ മാളുമായി കൈകോര്‍ക്കുന്നത്.
ഇതാദ്യമായാണ് ഓണം ഓപ്പുലന്‍സില്‍ പുതപ്പാട്ടും എത്തിനിക് നൃത്തവും അരങ്ങേറുന്നത്.സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഓണം ഓപ്പുലന്‍സില്‍ ഇത്തവണ മികച്ച ഇന്‍സ്റ്റാഗ്രാം റീലുകള്‍ക്ക് സമ്മാനവുമേര്‍പ്പെടുത്തുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകവി ആര്‍ രഘുനന്ദനന്‍:ഫോണ്‍ :99670 31989