സുരുപ് സിങ് നായിക്
മുംബൈ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ സുരൂപ്സിങ് നായിക് ( 87 )അന്തരിച്ചു. നവഗാവ് താലൂക്കിലെ നവപൂര്‍ പ്രദേശത്തായിരുന്നു ജനനം.1972 മുതല്‍ 1981 വരെ നന്ദുര്‍ബാര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്ന് പാര്‍ലമെന്റ് അംഗമായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 1981-ല്‍ പാര്‍ലമെന്ററി സ്ഥാനംരാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. അതേവര്‍ഷംതന്നെ, ആദിവാസി വികസന, സാമൂഹിക ക്ഷേമ മന്ത്രിയായി.
1981 മുതല്‍ 1982 വരെ ഗവര്‍ണര്‍ നിയമിച്ച ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായും സേവനമനുഷ്ഠിച്ചു. 1982 ല്‍ നവപൂര്‍ നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1982 മുതല്‍ 2009 വരെ മഹാരാഷ്ട്ര നിയമസഭയില്‍ അംഗമായി. 2009-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പക്ഷേ, 2014-ല്‍ വീണ്ടും നവപൂര്‍ നിയമസഭാ മണ്ഡലത്തില്‍ വിജയിച്ചു. 2019-ല്‍ സജീവരാഷ്ട്രീയത്തില്‍നിന്ന് വിരമിച്ചു. രാഷ്ട്രീയജീവിതത്തില്‍, വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ ഒട്ടേറെ വകുപ്പുകള്‍ സുരൂപ്സിങ് കൈകാര്യം ചെയ്തിട്ടുണ്ട്.