മുംബൈ: നഗരത്തിൽ ആറ് പതിറ്റാണ്ടിലധികം കാലം റയിൽവെ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രയത്നിച്ച പി.ആർ മേനോന്‍റെ പത്താമത് വാർഷികാനുസ്മരണം ഡിസംബർ 5 ന് ദിവയിൽ വെച്ച് ആചരിച്ചു. ഒളിവു ജീവിതവും ജയിൽവാസവുമുൾപ്പടെ നിരവധി ത്യാഗങ്ങൾ സഹിച്ച് സ്വന്തം ജീവിതം അധ്വാനിക്കുന്ന വർഗ്ഗത്തിനു വേണ്ടി ഉഴിഞ്ഞു വച്ച പി. ആർ മേനോൻ വിട്ടു പിരിഞ്ഞിട്ട് ഡിസംബർ 5 ന് പത്ത് വർഷം തികഞ്ഞു. പി.ആർ. മേനോന്‍റെ അനുസ്മരണം ഡിസംബർ 5 ന് ദിവ സ്റ്റേഷൻ പരിസരത്തുള്ള സ്വപ്നസാകാർ ബംഗ്ലാവിനു സമീപത്തു വെച്ചാണ് ആചരിച്ചത്.
നൂറു കണക്കിന് പേർ പുഷ്പാഞ്ജലി അർപ്പിച്ചശേഷം കൂടിയ പൊതുയോഗത്തിൽ ചിന്താമൺ ഭോയിർ അധ്യക്ഷത വഹിച്ചു. പി.ആർ.മേനോന്‍റെ മകൾ ലത മേനോൻ പങ്കെടുത്ത ചടങ്ങിൽ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം അശോക് ധവ്ളെ തന്‍റെ ഓർമ്മകൾ പങ്ക് വെച്ചു.
പി.ആർ. മേനോന്‍റെ ഒപ്പം പ്രവർത്തിച്ചിരുന്ന തൊഴിലാളി നേതാക്കളായ റയിൽവേ പെൻഷനേഴ്സ് അസ്സോസിയേഷൻ അഖിലേന്ത്യാ വൈസ് - പ്രസിഡന്‍റ് ഹരിദാസൻ, എസ്.കെ. ബോസ്, നിഥിൻ പ്രധാൻ, അനിൽ റാവുത്ത്, ജോ ഡി'സൂസ, അരവിന്ദ് മാനെ, ഗാംഗുർഡെ തുടങ്ങിയവർ പി.ആർ. മേനോനൊപ്പമുള്ള പഴയ കാല അനുഭവങ്ങൾ പങ്കുവച്ചു.
അനൂപ്‌കുമാർ സ്വാഗതം പറയുകയും ബാലാ ഖന്ദാൽക്കർ ചടങ്ങ് നിയന്ത്രിക്കുകയും ചെയ്തു.