മരിച്ച സഹിൽ വകോഡെ | ബോംബെ ഐഐടി ക്യാംപസിൽ വിദ്യാർഥികൾ രാത്രി നടത്തിയ പ്രതിഷേധ പ്രകടനം (ഫയൽ ചിത്രം)

 
Mumbai

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

പ്രതിഷേധം ശക്തമായതോടെ ശനിയാഴ്ച രാത്രിയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്

Sarath Nath MS

മുംബൈ: ഐഐടി ബോംബെയിലെ 22കാരനായ വിദ്യാർഥിയുടെ ആത്മഹത്യയിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സ്ഥാപനത്തിലെ ഒരു പ്രൊഫസറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് സൂചന. കേസിൽ പ്രൊഫസറെ പ്രതി ചേർത്തിട്ടുണ്ട്.

മഹാരാഷ്ട്രയിലെ യവത്മാൽ സ്വദേശിയും ഐഐടി ബോംബെയിലെ എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം രണ്ടാം വർഷ ബിടെക് വിദ്യാർഥിയുമായ സാഹിൽ രവീന്ദ്ര വാക്കോഡെയാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് ക്യാംപസിലെ ഹോസ്റ്റലിലെ മുറിയിൽ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. സെമസ്റ്റർ പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സംഭവം.

വിദ്യാർഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റം, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം എന്നിവ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സ്ഥാപനത്തിലെ പീഡനത്തിനും ജാതിവിവേചനത്തിനും വിദ്യാർഥി ഇരയായിരുന്നുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇതേ തുടർന്ന് ക്യാംപസിൽ വിദ്യാർഥികളുടെ വൻ പ്രതിഷേധവും നടന്നിരുന്നു. സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളുടെ ഭീഷണിയും കടുത്ത സമ്മർദവും സാഹിൽ നേരിട്ടിരുന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ ശനിയാഴ്ച രാത്രിയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്രതി ചേർക്കപ്പെട്ട പ്രൊഫസർക്ക് പുറമെ മറ്റുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് വിവരം.

പരീക്ഷയിൽ ഉത്തരം കണ്ടെത്താൻ വിദ്യാർഥി ചാറ്റ്ജിപിടി ഉപയോഗിച്ചിരുന്നുവെന്നാണ് ഐഐടി ബോംബെ പ്രസ്താവനയിൽ അറിയിച്ചത്. എന്നാൽ സംഭവത്തിൽ വിദ്യാർഥിക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നില്ല. വിഷയം അധ്യാപകനും വകുപ്പ് മേധാവിയും വിദ്യാർഥിയുമായി ചർച്ച ചെയ്യുകയും കൗൺസലിങ് നൽകുകയും ചെയ്തിരുന്നു. സംഭവം പഠനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെന്നും ഐഐടി ബോംബെ വ്യക്തമാക്കി. എന്നാൽ കൗൺസലിങ്ങിന് ശേഷം ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയ വിദ്യാർഥിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഏഴ് മാസത്തിനിടെ ഐഐടി ബോംബെ ക്യാംപസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ വിദ്യാർഥി ആത്മഹത്യയാണിത്. ഫെബ്രുവരിയിൽ രണ്ടാം വർഷ വിദ്യാർഥി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തിരുന്നു. പുതിയ അധ്യയന സെമസ്റ്റർ ആരംഭിച്ച ജൂലൈയിൽ 20കാരനായ രണ്ടാം വർഷ ബിടെക് വിദ്യാർഥിയും ജീവനൊടുക്കിയിരുന്നു.

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ജീവനക്കാരുടെ പണിമുടക്ക്; അഞ്ച് ദിവസം ബാങ്കുകൾ പൂട്ടിക്കിടക്കും

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി കസ്റ്റഡിയിൽ; ജയിലിലേക്ക് മാറ്റി

വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

അനധികൃത എൽപിജി സിലിണ്ടർ റീഫില്ലിങ്; ഒൻപത് പേർ അറസ്റ്റിൽ