അജിത് പവാർ, സുനേത്ര
File
മുംബൈ: ബാരാമതി വിമാനാപകടത്തില്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ മരിച്ചതോടെ ഭാര്യ സുനേത്ര പവാറിലേക്കാണു മറാഠാ രാഷ്‌ട്രീയലോകത്തിന്‍റെ കണ്ണ്. അജിത് പവാർ വിഭാഗം എന്‍സിപിയെ ഇനിയാരു നയിക്കുമെന്നതാണു ചോദ്യം. മറാത്ത്‌വാഡ മേഖലയിലെ ധാരാശിവില്‍ നിന്നു പവാർ കുടുംബത്തിലേക്കെത്തിയ സുനേത്രയ്ക്കും രാഷ്‌ട്രീയം കുടുംബകാര്യമാണ്.
മുന്‍ സംസ്ഥാന മന്ത്രിയും ലോക്സഭാ എംപിയുമായ പദംസിങ് പാട്ടീലിന്‍റെ സഹോദരിയാണ് നിലവിൽ രാജ്യസഭാംഗമാണ് സുനേത്ര. രാഷ്‌ട്രീയക്കാരി എന്നതിലുപരി സുനേത്ര ഒരു സാമൂഹിക പ്രവര്‍ത്തകയും വ്യവസായിയും അക്കാഡമിക് അഡ്മിനിസ്‌ട്രേറ്ററുമൊക്കെയാണ്.
1985ലായിരുന്നു അജിത് പവാറുമായുള്ള വിവാഹം. പവാര്‍ കുടുംബത്തിലെ മരുമകള്‍ എന്ന അർഥത്തിൽ, 'പവാര്‍ ബഹു' എന്നാണ് വളരെക്കാലമായി അറിയപ്പെട്ടിരുന്നത്.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബാരാമതി ലോക്സഭാ സീറ്റില്‍ നിന്ന് ശരദ് പവാറിന്‍റെ മകൾ സുപ്രിയ സുലെയ്ക്കെതിരേ മത്സരിക്കുന്നതു വരെ, ജീവിതത്തിന്‍റെ ഭൂരിഭാഗവും അവര്‍ രാഷ്‌ട്രീയത്തിൽ നിന്ന് അകലം പാലിച്ചിരുന്നു. സുപ്രിയോട്1.5 ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും ബാരാമതിയിലും മഹാരാഷ്‌ട്രയിലും മറാത്ത്‌വാഡ മേഖലയിലും ശക്തമായൊരു ബന്ധം സുനേത്ര നിലനിര്‍ത്തുന്നുണ്ട്.
ആറ് തവണ ഉപമുഖ്യമന്ത്രിയായ ഒരാളുടെ ഭാര്യയും പവാര്‍ കുടുംബത്തിലെ ഉന്നത വ്യക്തിത്വവുമായിരുന്നിട്ടും ആ സ്വാധീനത്തിന്‍റെ പേരില്‍ അറിയപ്പെടാന്‍ സുനേത്ര ഒരിക്കലും തയാറായില്ല. പകരം രാഷ്‌ട്രീയമായും, സാമൂഹികമായും തന്‍റേതായ ഇടം കണ്ടെത്താന്‍ അവര്‍ ശ്രമിച്ചു. നിലവില്‍, ബാരാമതി ടെക്‌സ്‌റ്റൈല്‍ കമ്പനിയുടെ ചെയര്‍പെഴ്സണ്‍ എന്ന നിലയില്‍, മഹാരാഷ്‌ട്രയുടെ സമ്പദ് വ്യവസ്ഥയ്ക്ക് നിര്‍ണായകമായ ഒരു മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ മേല്‍നോട്ടം വഹിക്കുന്നുണ്ട്.
2010 മുതല്‍ നേതൃത്വം നല്‍കുന്ന എന്‍ജിഒ ആയ എന്‍വയോണ്‍മെന്‍റല്‍ ഫോറം ഒഫ് ഇന്ത്യയുടെ (ഇഎഫ്ഒഐ) സ്ഥാപക കൂടിയാണ് സുനേത്ര. ജൈവകൃഷി, പരിസ്ഥിതി ഗ്രാമങ്ങള്‍, സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നുണ്ട് സുനേത്രയുടെ സന്നദ്ധ സംഘടന. 2011 മുതല്‍, സംരംഭകത്വത്തെയും സുസ്ഥിരതയെയും കുറിച്ചുള്ള ആഗോള ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്ന ഫ്രാന്‍സിലെ വേള്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് ഫോറവുമായും അവര്‍ സഹകരിച്ചു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, മുന്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രിയും എന്‍സിപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് പ്രസിഡന്‍റുമായ പ്രഫുല്‍ പട്ടേലിന്‍റെ പിന്‍ഗാമിയായി സുനേത്രയെ മഹാരാഷ് ട്രയില്‍ നിന്ന് രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അജിത് പവാറിന്‍റെ അകാല വേര്‍പാടിനെ തുടര്‍ന്ന് എന്‍സിപി നേതൃത്വത്തിലേക്ക് പ്രഫുല്‍ പട്ടേല്‍, ഛഗന്‍ ഭുജ്ബല്‍, ദിലീപ് വല്‍സെ പാട്ടീല്‍ തുടങ്ങിയ ഉന്നത വ്യക്തികളുടെ പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊതുജനങ്ങളുടെയും പാര്‍ട്ടിയുടെയും അനുഭാവം കൂടുതല്‍ ആകര്‍ഷിക്കാനുള്ള സാധ്യത കൂടുതല്‍ സുനേത്രയ്ക്കാണ്.