Mumbai

മുംബൈ മലയാളികളുടെ റെയില്‍വെ യാത്രാപ്രശ്നം,  യാഥാര്‍ത്ഥ്യമോ പുകമറയോ: കെ.ബി ഉത്തംകുമാര്‍

മുംബൈ : കഴിഞ്ഞ കുറെ കാലങ്ങളായി കേള്‍ക്കാതിരുന്ന മുംബൈ മലയാളികളുടെ റെയില്‍വെ യാത്രാപ്രശ്നം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വീണ്ടും മാധ്യമങ്ങളില്‍ വന്നത് നമ്മള്‍ കണ്ടു. ഈ അവസരത്തില്‍ ഈ വാര്‍ത്തയില്‍ എന്തെങ്കിലും സത്യസന്ധത ഉണ്ടോയെന്നും, അതോ വെറും രാഷ്ട്രീയനാടകമാണോയെന്നും പരിശോധിക്കേണ്ടതുണ്ട്.

ഒരുകാലത്ത് ജയന്തി ജനത എന്ന ഒരൊറ്റ ട്രെയിനെ ആശ്രയിച്ച് മാത്രം നാട്ടില്‍ എത്തി കൊണ്ടിരുന്നവരാണ് മുംബൈ മലയാളികള്‍ . പിന്നീട് കുര്‍ളയില്‍ നിന്നും സിഎസ്ടിയില്‍ നിന്നും ഓരോ പുതിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു. അന്നുണ്ടായിരുന്ന ക്ലേശം ഇന്ന് മുംബൈ മലയാളികള്‍ റെയില്‍വെ യാത്രയില്‍ നേരിടുന്നുണ്ടോ ? ഇല്ലെന്ന് തന്നെ പറയാം. കൊങ്കണ്‍ റെയില്‍വെ യാഥാര്‍ത്ഥ്യമായതോടെ യാത്രാ പ്രശ്നം വലിയൊരളവില്‍ പരിഹരിക്കപ്പെട്ടു. കൊങ്കണ്‍ റൂട്ടിലൂടെ നിരവധി ട്രെയിനുകളാണ് നാട്ടിലേക്ക് എത്തുന്നത്. വസായില്‍ കൂടി പ്രതിവാരം 18 ട്രെയിനുകള്‍ കേരളത്തിലേക്ക് 23 സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഇവയ്ക്കൊക്കെ വസായിലും പനവേലിലും സ്റ്റോപ്പുമുണ്ട്,  ടിക്കറ്റ് ക്വോട്ടയും ഉണ്ട് .

12484 അമൃത്സര്‍ - കൊച്ചുവേളി (തിങ്കള്‍),20924 ഗാന്ധിധാം - തിരുനല്‍വേലി (തിങ്കള്‍), 16337 ഓഖ - എറണാകുളം (തിങ്കള്‍, ശനി), 22654 നിസാമുദ്ദീന്‍ ഡല്‍ഹി - തിരുവനന്തപുരം (തിങ്കള്‍ ),22650 യോഗ് നഗരി ഋഷികേശ് - കൊച്ചുവേളി (ചൊവ്വ), 12432 നിസാമുദ്ദീന്‍ ഡല്‍ഹി - തിരുവനന്തപുരം (ഞായര്‍, ചൊവ്വ, ബുധന്‍), 19260 ഭാവ്നഗര്‍ - കൊച്ചുവേളി (ബുധന്‍), 20932 ഇന്‍ഡോര്‍ - കൊച്ചുവേളി (ബുധന്‍), 16311 ശ്രീഗംഗാനഗര്‍ - കൊച്ചുവേളി (ബുധന്‍), 12218 ചണ്ഡിഗഢ് - കൊച്ചുവേളി (വ്യാഴം, ശനി), 16333 വെരാവല്‍ - കൊച്ചുവേളി (വ്യാഴം), 20910 പോര്‍ബന്ദര്‍ - കൊച്ചുവേളി (വെള്ളി), 16335 ഗാന്ധിധാം - നാഗര്‍കോവില്‍ (വെള്ളി), 22656 നിസാമുദ്ദീന്‍ ഡല്‍ഹി - എറണാകുളം (വെള്ളി), 12978 അജ്മീര്‍ - എറണാകുളം (വെള്ളി), 19578 ജാംനഗര്‍ - തിരുനല്‍വേലി (ശനി, ഞായര്‍ ), 22634 നിസാമുദ്ദീന്‍ ഡല്‍ഹി - തിരുവനന്തപുരം (ശനി), 12284 നിസാമുദ്ദീന്‍ ഡല്‍ഹി - എറണാകുളം (ഞായര്‍ ) എന്നിവയാണ് മേല്‍പറഞ്ഞ 18 ട്രെയിനുകള്‍ . കൂടാതെ എല്‍ടിടി യില്‍ നിന്നും സിഎസ്ടിയില്‍ നിന്നും ട്രെയിന്‍ സര്‍വ്വീസുകള്‍ നാട്ടിലേക്കുണ്ട്.

ഒന്നോ രണ്ടോ ട്രെയിന്‍ സര്‍വ്വീസുകള്‍ മാത്രമുള്ളപ്പോള്‍ ഉണ്ടാകാത്ത പ്രതിഷേധവും യോഗങ്ങളും പിന്നെ ഇപ്പോള്‍ എന്തിനുണ്ടാകുന്നു ? ഇവിടെയാണ് ഇതിന് പിന്നില്‍ ഒളിച്ചിരിക്കുന്ന രാഷ്ട്രീയം തിരിച്ചറിയേണ്ടത്. പ്രശ്നപരിഹാര മാര്‍ഗ്ഗങ്ങള്‍ തേടാതെ യോഗങ്ങളും പത്രവാര്‍ത്തകളും മാത്രം സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ഇടത് വലത് അജണ്ടകളും നാം മനസിലാക്കണം. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുവാനുള്ള വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാതെ, കടലാസ് സംഘടനകള്‍ ഉണ്ടാക്കി യോഗങ്ങളും ധര്‍ണ്ണകളും നടത്തി, അതിന്റെ വാര്‍ത്തകള്‍ സൃഷ്ടിച്ച് പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടുന്ന രീതിയാണ് ഇടത് വലത് കക്ഷികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘടനാസാരഥികള്‍ എക്കാലത്തും അനുവര്‍ത്തിച്ച് വന്നിരുന്നത്.

2021 ഒക്ടോബറില്‍ റെയില്‍വെ പാസഞ്ചേഴ്സ് അമനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി കെ കൃഷ്ണദാസ് മുംബൈയിലെ വിവിധ റെയില്‍വെ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുകയും, പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുകയും ഉണ്ടായി. പത്രമാധ്യമങ്ങളില്‍ കൂട്ടി മുന്‍കൂട്ടി അറിയിപ്പ് നല്കിയിട്ടും, ഇപ്പോള്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നവര്‍ അദ്ദേഹത്തെ കാണുവാനോ, ആവശ്യങ്ങള്‍ ഉന്നയിക്കുവാനോ തയ്യാറായില്ല.മറ്റ് നിരവധി വ്യക്തികളും സംഘടനകളും അദ്ദേഹത്തെ സന്ദര്‍ശിച്ച് ആവശ്യങ്ങള്‍ രേഖാമൂലം ഉന്നയിച്ചു. ആ ആവശ്യങ്ങളില്‍ പലതും റെയില്‍വെ നടപ്പാക്കി. ഇതില്‍ നിന്നും ഇക്കൂട്ടരുടെ ലക്ഷ്യം പൊതുജനക്ഷേമമല്ല മറിച്ച് രാഷ്ട്രീയലക്ഷ്യമാണെന്നു പകല്‍ പോലെ വ്യക്തമാണ്.

കഴിഞ്ഞയാഴ്ച ബോറിവലിയില്‍ നടന്ന കണ്‍വെഷനില്‍ നടന്ന ചില കാര്യങ്ങള്‍ കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നടത്തുന്നു എന്നറിയിച്ച കണ്‍വെന്‍ഷനില്‍ ഒന്നു മാത്രമാണ് പ്രഖ്യാപിച്ചത്. ബാന്ദ്രയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വസായ് വഴി ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കണമെന്ന്. മറ്റെല്ലാ മുന്‍ ആവശ്യങ്ങളും ഇക്കൂട്ടര്‍ വിഴുങ്ങി. ബാന്ദ്രയില്‍ നിന്നു വസായ് വഴി കേരളത്തിലേക്ക് ട്രെയിന്‍ സര്‍വ്വീസ് നടത്തുക എന്നത് രണ്ട് വര്‍ഷം മുമ്പ് തന്നെ റെയില്‍വെ തത്വത്തില്‍ തീരുമാനിച്ച കാര്യമാണ്.

അതുപോലെ ബാന്ദ്ര, മുംബൈ സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന എല്ലാ ദീര്‍ഘദൂര ട്രെയിനുകള്‍ക്കും വസായില്‍ സ്റ്റോപ്പ് അനുവദിക്കാനും റെയില്‍വെ പരിഗണിച്ചിരുന്നു. വസായിലെ പ്ലാറ്റ്ഫോം ലഭ്യതക്കുറവാണ് ഇതിന് തടസമാകുന്ന ഏകകാര്യം. ഇത് പരിഹരിക്കുവാനുള്ള നടപടികള്‍ റെയില്‍വെ ആരംഭിച്ചിട്ടുണ്ട്. ഇത് മനസിലാക്കിയാണ് ബോറിവലി കണ്‍വെന്‍ഷനില്‍ ഇക്കൂട്ടര്‍ മറ്റെല്ലാം വിട്ട് ഈ ആവശ്യം മാത്രം ഉന്നയിച്ചത്. ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുമ്പോള്‍ എട്ടുകാലി മമ്മൂഞ്ഞിനെ പോലെ ഞങ്ങള്‍ കാരണമാണിതു സാധിച്ചത് എന്ന് വീമ്പിളക്കാമല്ലൊ. ആദ്യം ഇവര്‍ പുറത്തുവിട്ട വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞ മലയാളി സംഘടനകളില്‍ ഭൂരിപക്ഷവും കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ മാറി നിന്നത് ഇക്കൂട്ടരുടെ കപടത മനസിലാക്കിയതിനാലാണ്.

അവധിക്കാലത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ വേണമെന്നോ കൊങ്കണ്‍ പാതയിലെ മോഷണങ്ങള്‍ തടയാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നോ ഇക്കൂട്ടര്‍ ആവശ്യപ്പെടാത്തത് എന്താണ്. ഇതാണ് മുംബൈ മലയാളികള്‍ നേരിടുന്ന യഥാര്‍ത്ഥ റെയില്‍വെ യാത്രാപ്രശ്നങ്ങള്‍. ഇതു പരിഹരിക്കുവാനായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര റെയില്‍വെ വകുപ്പ് സഹമന്ത്രി മഹാരാഷ്ട്രക്കാരന്‍ കൂടിയായ റാവ് സാഹേബ് ദന്‍വെ എന്നിവരെ നേരിട്ട് കണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രശ്നപരിഹാരമാര്‍ഗ്ഗങ്ങള്‍ സത്വരം ഞാന്‍ തേടും. ഇതു രാഷ്ട്രീയ നാടകമല്ല മറിച്ച് എന്നും മുംബൈ മലയാളികള്‍ക്കൊപ്പം നിന്നിട്ടുള്ള ഒരു പൊതുപ്രവര്‍ത്തകന്റെ ഉറപ്പാണ്.

(മധ്യ റെയില്‍വെ യൂസേഴ്സ് കണ്‍സല്‍റ്റേറ്റീവ് കമ്മറ്റി മെമ്പറും, ഭാരതീയ ജനതാ പാര്‍ട്ടിയുടെ പാല്‍ഖര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ് ലേഖകന്‍ )

ടിടിഇയ്ക്ക് ട്രെയിനിൽ വീണ്ടും മർദനം; അറസ്റ്റ്

പുതുവൈപ്പ് ബീച്ചിലെ അപകടം: മരണം മൂന്നായി

ഹരിഹരന്‍റെ വീടിന് നേരെയുള്ള ആക്രമണം: കണ്ടാലറിയാവുന്ന 3 പേർക്കെതിരെ കേസ്

കണ്ണൂരിൽ ഐസ്ക്രീം ബോംബ് സ്ഫോടനം: അന്വേഷണം

"ഫാംഡി'ക്ക് ഡിമാൻഡ്, മുഖം തിരിച്ച് സർക്കാർ