മുംബൈ: 'വന്ദേ മാതരം' ആലപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന സമാജ്വാദി പാർട്ടി എംഎൽഎഎയുടെ വാദത്തെച്ചൊല്ലി മഹാരാഷ്ട്ര നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. ഇതാണോ പ്രതിപക്ഷ സഖ്യത്തിന്റെ 'ഇന്ത്യ' എന്ന ആശയമെന്നു ബിജെപി അംഗങ്ങൾ ചോദിച്ചു. ബംഗളൂരുവിൽ ചേർന്ന 26 പ്രതിപക്ഷ പാർട്ടികളുടെ യോഗം തങ്ങളുടെ സഖ്യത്തിന് 'ഇന്ത്യ' എന്നു പേരിട്ടതിനെ പരാമർശിച്ചാണു ചോദ്യം.
സംഭാജി നഗറിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങളെക്കുറിച്ചു നിയമസഭയിൽ സംസാരിക്കുമ്പോഴായിരുന്നു വന്ദേ മാതരത്തിനെതിരേ അബു അസ്മി രംഗത്തെത്തിയത്. വന്ദേ മാതരത്തെ തനിക്ക് അംഗീകരിക്കാനാവില്ലെന്നും തന്റെ മതവിശ്വാസം അതിന് അനുവദിക്കുന്നില്ലെന്നുമായിരുന്നു അബു അസ്മിയുടെ പ്രസ്താവന.
''ചിലർ പറയുന്നു ഇന്ത്യയിൽ ജീവിക്കുന്നവർ വന്ദേ മാതരം ആലപിക്കണമെന്ന്. എനിക്കത് അംഗീകരിക്കാനാവില്ല. എന്റെ വിശ്വാസം അത് അംഗീകരിക്കുന്നുമില്ല. ഞങ്ങൾക്ക് ഏക ദൈവത്തിൽ മാത്രമാണു വിശ്വാസം'', അബു അസ്മി പറഞ്ഞു.
ഇതാണോ പ്രതിപക്ഷത്തിന്റെ 'ഇന്ത്യ' (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലുസീവ് അലയൻസ്) എന്ന ആശയമെന്നു ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ചോദിച്ചു. പ്രതിപക്ഷ സഖ്യത്തിൽ എസ്പിയും അംഗമാണ്. ഇന്ത്യ എന്നതോ ഇന്ത്യാ വിരുദ്ധമോ ഇവരുടെ ആശയം.
മുൻപ് എസ്പി ഭീകരരെ മോചിപ്പിച്ചു. യാക്കൂബ് മേമന്റെയും അഫ്സൽ ഗുരുവിന്റെയും രക്ഷാകർതൃത്വം ഏറ്റെടുത്തു. സർജിക്കൽ ആക്രമണത്തെയും ബാലാക്കോട്ട് വ്യോമാക്രമണത്തെയും കോൺഗ്രസ് ചോദ്യം ചെയ്തു. 26/11 ആക്രമണത്തിൽ കോൺഗ്രസ് പാക്കിസ്ഥാനെയല്ല ഇന്ത്യയെയാണു കുറ്റപ്പെടുത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും പൂനാവാല ആവശ്യപ്പെട്ടു.