മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കാനിയൂസ് ഇന്‍റർനാഷണൽ ചെയർമാൻ ഡോ. മിലിന്ദ് പിംപ്രിക്കർ, ചീഫ് സ്ട്രാറജിസ്റ്റ് ബിനോയ് ബി എന്നിവർ.
ദാവോസ് (സ്വിറ്റ്സർലൻഡ്): മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ (എംഎംആർ) ലോകത്തിലെ ആദ്യത്തെ മിഡ്-ടിആർഎൽ (ടെക്നോളജി റെഡിനസ് ലെവൽ 4-6) ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി മഹാരാഷ്ട്ര സർക്കാരും കാനിയസ് ഇന്‍റർനാഷണലും (CANEUS International) കൈകോർക്കുന്നു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം ഉച്ചകോടിയിലാണ് സുപ്രധാന പ്രഖ്യാപനം.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കാനിയസ് ഇന്‍റർനാഷണൽ ചെയർമാൻ ഡോ. മിലിന്ദ് പിംപ്രിക്കർ എന്നിവരുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവെച്ചു. എയ്റോസ്പേസ്, സ്പേസ്, ഊർജം, ഡീപ് ടെക്നോളജി എന്നീ മേഖലകളിലെ ഗവേഷണങ്ങളും നൈപുണ്യ വികസനവുമാണ് ഈ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രധാന ലക്ഷ്യം.
ഗവേഷണശാലകളിൽ നടക്കുന്ന കണ്ടെത്തലുകളെ പ്രായോഗിക ഉത്പന്നങ്ങളാക്കി മാറ്റുന്നതിനിടയിലുള്ള പ്രതിസന്ധികൾ (valley of death) പരിഹരിക്കാൻ ഈ ഇൻസ്റ്റിറ്റ്യൂട്ട് സഹായിക്കുമെന്ന് ഡോ. മിലിന്ദ് പിംപ്രിക്കർ പറഞ്ഞു. ഇതിനായി അതിവേഗ പ്രോട്ടോടൈപ്പിങ്, സിസ്റ്റം ഇന്‍റഗ്രേഷൻ, ഫീൽഡ് ട്രയലുകൾ എന്നിവ ഇവിടെ നടത്തും.
അത്യാധുനിക സാങ്കേതിക വിദ്യകളിലും എയ്റോസ്പേസ് മേഖലയിലും ഇന്നൊവേഷൻ സെന്‍ററുകൾ തുടങ്ങാൻ കാനിയസ് ഇന്‍റർനാഷണലുമായി സഹകരിക്കുന്നതിൽ മഹാരാഷ്ട്രയ്ക്ക് അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയ്ക്ക് സമീപം ഈ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നത് മഹാരാഷ്ട്രയുടെ ആഗോള വളർച്ചാ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ (PPP) നൈപുണ്യ വികസനത്തിന് ഊന്നൽ നൽകുന്ന മഹാരാഷ്ട്ര സർക്കാരിന്‍റെ നയങ്ങളുടെ ഭാഗമാണ് ഈ പുതിയ നീക്കം. പ്രതിരോധ-ബഹിരാകാശ മേഖലകളിൽ ഇന്ത്യയുടെ കരുത്ത് വർധിപ്പിക്കാൻ ഇത്തരം ആഗോള സംരംഭങ്ങൾ സഹായിക്കും.
വിസ്തൃതി: മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ 10 ദശലക്ഷം ചതുരശ്ര അടിയിലാണ് ഈ വിപുലമായ സമുച്ചയം ഒരുങ്ങുന്നത്.
ആഗോള സഹകരണം: പ്രമുഖ ഒഇഎമ്മുകൾ (OEMs), ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് വ്യവസായങ്ങൾക്ക് ആവശ്യമായ രീതിയിലുള്ള പരിശീലന പദ്ധതികൾ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കും.
സാമ്പത്തിക വളർച്ച: 'വികസിത് മഹാരാഷ്ട്ര 2047' എന്ന ലക്ഷ്യത്തിലേക്കും മഹാരാഷ്ട്രയെ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിനും ഈ പദ്ധതി ഒരു പ്രധാന ഉൽപ്രേരകമാകും.
തൊഴിലവസരം: ലോകോത്തര എയ്റോസ്പേസ് കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനും നൂതന നിർമാണ മേഖലകളിൽ മികച്ച തൊഴിൽ സേനയെ വാർത്തെടുക്കാനും ഇത് സഹായിക്കും.