'സോറി അമ്മ, എന്‍റെ അവയവങ്ങൾ ദാനം ചെയ്യണം'; അധ്യാപകർക്കെതിരേ കുറിപ്പെഴുതിവെച്ച് പത്താം ക്ലാസുകാരൻ മെട്രോയ്ക്ക് മുന്നിൽ ചാടി മരിച്ചു
ന്യൂഡൽഹി: പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കി. അധ്യാപകർക്കെതിരേ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചാണ് കുട്ടി ജീവനൊടുക്കിയത്. ഡൽഹിയിലാണ് സംഭവമുണ്ടായത്. പിന്നാലെ സ്കൂളിന്‍റെ പ്രിൻസിപ്പൽ ഉൾപ്പടെ മൂന്ന് അധ്യാപകർക്കെതിരേ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.
ഡൽഹി രാജേന്ദ്ര മെട്രോ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 2.34നാണ് കുട്ടി ചാടിയത്. ഡ്രാമ ക്ലബ്ബിൽ പോകാൻ വേണ്ടിയാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. പ്ലാറ്റ്ഫോമിൽ നിന്ന് മെട്രോയ്ക്ക് മുന്നിലേക്ക് കുട്ടി ചാടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ ബാഗിൽ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. തന്നെ പരിചയപ്പെടുത്തി ബന്ധപ്പെടാനുള്ള നമ്പറും നൽകിക്കൊണ്ടാണ് കത്ത് ആരംഭിച്ചത്.
അധ്യാപകരുടെ സ്ഥിരമായുള്ള ശകാരം കാരണം മനം മടുത്താണ് ജീവനൊടുക്കുന്നത് എന്നാണ് കുറിച്ചിരിക്കുന്നത്. തന്നോട് ക്ഷമിക്കണമെന്നും തനിക്ക് മറ്റൊരു വഴിയില്ലാത്തതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നും കുട്ടി കുറിപ്പിൽ പറയുന്നുണ്ട്. മാതാപിതാക്കളോടും സഹോദരനോടും ക്ഷമാപണവും നടത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ശേഷം അവയവങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ദാനം ചെയ്യണമെന്നും കുട്ടി കത്തിൽ എഴുതിയിരുന്നു.
ക്ഷമിക്കണം അമ്മേ, ഞാൻ പലതവണ നിങ്ങളുടെ ഹൃദയം തകർത്തു. ഇത് അവസാനത്തേതാണ്. എന്നോട് ക്ഷമിക്കണം. അധ്യാപകർ തന്നോട് മോശമായി പെരുമാറി. സ്കൂളിലെ അധ്യാപകർ അങ്ങനെയാണ്, എനിക്കെന്ത് ചെയ്യാനാകും'- കുട്ടി കത്തിൽ പറയുന്നു.
കുട്ടിയെ സ്കൂളിന് പുറത്താക്കുമെന്നും ടിസി നൽകുമെന്നും പറഞ്ഞ് ഒരു അധ്യാപകൻ കഴിഞ്ഞ ദിവസങ്ങളിൽ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സഹപാഠി പറഞ്ഞതായി പിതാവ് പറഞ്ഞു. മറ്റൊരു അധ്യാപകൻ മകനെ പിടിച്ചു തള്ളിയെന്നും അദ്ദേഹം ആരോപിച്ചു. നാടക ക്ലാസിൽ അധ്യാപകൻ മകനെ അപമാനിച്ചു. താഴേക്ക് വീണപ്പോൾ കുട്ടിയെ കളിയാക്കുകയും ഓവർ ആക്ടിങ് എന്ന് പറഞ്ഞ് വഴക്കു പറയുകയും ചെയ്തു. ഇതോടെ കുട്ടി കരഞ്ഞു. ഇതുകണ്ട അധ്യാപകൻ, എത്രവേണമെങ്കിലും കരഞ്ഞോ, ഇവിടെ മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് പറയുകയായിരുന്നു. പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം സംഭവിച്ചത്. അദ്ദേഹം ഇത് തടയുന്നതിനായി ഒന്നും തന്നെ ചെയ്തില്ലെന്നും പിതാവ് ആരോപിച്ചു.
അധ്യാപകരുടെ മാനസിക പീഡനം സംബന്ധിച്ച് കുട്ടി രക്ഷിതാക്കളോട് പരാതിപ്പെട്ടിരുന്നതായാണ് വിവരം. സ്കൂളിനെതിരേ അന്ന് പരാതിപ്പെട്ടിരുന്നെങ്കിലും കാര്യമൊന്നും ഉണ്ടായില്ലെന്ന് പിതാവ് പറയുന്നു. പരീക്ഷ കഴിയുന്നതോടെ മകനെ മറ്റൊരു സ്കൂളിലേക്ക് മാറ്റാനിരിക്കുകയായിരുന്നെന്നും പിതാവ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.