ഹിമന്ത ബിശ്വ ശർമ
ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ എഐ നിർമിത ഡീപ്ഫേക്ക് വിഡിയോ പ്രചരിപ്പിച്ച മൂന്ന് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. അസം പൊലീസിന്‍റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് (സിഐഡി) ആണ് നേതാക്കളെ അറസ്റ്റ് ചെയ്തത്.
മജുലി ജില്ലാ കോൺഗ്രസിന്‍റെ സോഷ്യൽ മീഡിയ & ഐടി വകുപ്പ് ചെയർമാൻ ജിബേശ്വർ ഗാം (27), അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) വക്താവ് ഉപേൻ രാജ് നാഥ്, രൂപോഹി കോൺഗ്രസ് അംഗം ഷാഹിദുൽ ഇസ്ലാം (29) എന്നിവരാണ് അറസ്റ്റിലായത്.
അന്വേഷണത്തിന്‍റ ഭാഗമായി കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ ഗുവാഹത്തിയിലേക്ക് കൊണ്ടുപോകുമെന്ന് സിഐഡി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മുതിർന്ന കോൺഗ്രസ് വക്താവ് രാജു സാഹുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു.
കൗൺ ബനേഗ ക്രോർപതി (ഒരു ജനപ്രിയ ഹിന്ദി ടെലിവിഷൻ ഗെയിം ഷോ) എന്ന ക്വിസ് ഷോയുടെ ശൈലിയിലാണ് വീഡിയോ എഡിറ്റ് ചെയ്തത്. ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.