ആഗ്ര എക്സ്‍പ്രസ് വേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിനു പുറകിൽ ബസ് ഇടിച്ചുകയറി 4 മരണം; 19 പേർക്ക് പരുക്ക്
ഉത്തർപ്രദേശ്: ആഗ്രയിലെ ഫത്തേഹാബാദ് പ്രദേശത്ത് ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ബസ് ഇടിച്ചുക്കയറി 4 പേർ മരണം. 18 പേർക്ക് പരുക്ക്. വരാണസിയിൽ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസ് എക്സ്പ്രസ് വേയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ 5.30 ഓടെ ആഗ്രയിലെ ഫത്തേഹാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ അപകടം ഉണ്ടായത്. പ്രയാഗ്‌രാജിലെ മഹാ കുംഭമേളയ്ക്ക് ശേഷം അയോധ്യ വഴി കാശി സന്ദർശിച്ച് ജയ്പൂരിലേക്ക് മടങ്ങുകയായിരുന്നു ഇവർ. രാജസ്ഥാൻ സ്വദേശികളായ ഗോവിന്ദ് (68), രമേശ് (45) എന്നിവരും ആഗ്ര സ്വദേശിയായ ദീപക് വർമ (40) എന്നയാളുമാണ് മരിച്ചത്. ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസിന്‍റെ മുൻ നിരയിൽ ഇരുന്നവരാണ് മരിച്ച നാലുപേരും.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മാറ്റിയെന്നും നിസാരമായി പരുക്കേറ്റവരിൽ 4 പേരെ സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ഫത്തേഹാബാദ് എസിപി അമർദീപ് ലാൽ അറിയിച്ചു. ബസ് ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.