മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ട് ഉടമകളിൽ നിന്ന് ഈടാക്കിയത് 4,818 കോടി
ന്യൂഡൽഹി: സേവിങ്സ്, കറന്‍റ് അക്കൗണ്ടുകളിൽ മിനിമം ആവറേജ് ബാലൻസ് പാലിക്കാത്ത ഉപഭോക്താക്കളിൽ നിന്ന് 2024-25 സാമ്പത്തിക വർഷം രാജ്യത്തെ ബാങ്കുകൾ പിഴയായി ഈടാക്കിയത് 4,818 കോടി രൂപയാണ്. ബിജെപി എംപി ചന്ദ്രപ്രകാശ് ജോഷി അധ്യക്ഷനായ പാർലമെന്‍ററി സമിതി ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പിഴ ചുമത്തുന്നത് ഒഴിവാക്കണമെന്ന ശുപാർശയും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്.
മിനിമം ബാലൻസ് പാലിക്കാത്തതിന് ചുമത്തുന്ന പിഴ വളരെ ഉയർന്നതാണെന്നും പ്രത്യേകിച്ച് സാമ്പത്തികമായും പിന്നോട്ട് നിൽക്കുന്നവർക്ക്മേൽ സമ്മർദം ഉണ്ടാക്കുമെന്നും കമ്മിറ്റി വിലയിരുത്തി. അക്കൗണ്ട് ഉടമകൾ ബാലൻസ് പാലിക്കാത്തപക്ഷം പ്രതിവർഷം അവർക്ക് സേവിങ്സ് അക്കൗണ്ട്സിനുമേൽ 2.5 ശതമാനം മുതൽ നാല് ശതമാനം വരെയാണ് പലിശ ലഭിക്കുക.
ചില ബാങ്കുകൾ ആറുമുതൽ ഏഴ് ശതമാനം വരെ പലിശ നൽകുന്നുണ്ട്. എന്നിരുന്നാലും മിനിമം ബാലൻസ് പാലിക്കാതെ വരുമ്പോൾ എംഎബി പാലിച്ചാൽ അവർക്ക് ലഭിക്കാൻ സാധ്യതയുള്ള പലിശയുടെ 15-20 ഇരട്ടിവരെ പിഴയായി ചുമത്തപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ മിനിമം ബാലൻസ് പാലിക്കാത്തതിനെ തുടർന്ന് പൊതുമേഖല ബാങ്കുകൾ ചുമത്തിയത് 2,0457 കോടി രൂപയാണ്. മുൻ വർഷത്തേക്കാൾ 8ശതമാനം കുറവാണിത്. ഉപഭോക്താക്കൾക്കുമേൽ പിഴ ചുമത്തുന്നത് ഒഴിവാക്കണമെന്ന നിർദേശം പാർലമെന്‍ററി സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. പിഴ ചുമത്തുന്നതിന് പകരം റിവാർഡ് പോയിന്‍റുകൾ ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ നൽകി ഉയർന്ന തുക അക്കൗണ്ടിൽ സൂക്ഷിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കാൻ ബാങ്കുകൾ തയ്യാറാക്കണമെന്നും സമിതി റിപ്പോർട്ടിൽ നിർദേശം വെച്ചിട്ടുണ്ട്.