ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് ഭയന്ന് കോൽക്കത്തയിൽ 63 കാരൻ ജീവനൊടുക്കി
കോൽക്കത്ത: ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടുമെന്ന് ഭയന്ന് കോൽക്കത്തയിൽ 63 വയസുകാരൻ ജീവനൊടുക്കി. കോൽക്കത്തയിലെ ആനന്ദപളളി വെസ്റ്റിൽ ഞായറാഴ്ചയാണ് ദിലീപ് കുമാർ സാഹ എന്നയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ സാഹയെ കാണാതായതിനെ തുടർന്ന് ഭാര്യ മുറിയിൽ വന്ന് വിളിക്കുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് അയൽവാസികളെ ഭാര്യ വിവരമറിയിച്ചു. അവർ വന്ന് വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് സാഹയെ തൂങ്ങിയ നിലയിൽ കണ്ടതെന്ന് പൊലീസ് പറഞ്ഞു.
എന്‍ആര്‍സി നടപ്പാക്കിയാൽ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് ഭർത്താവ് ഭയപ്പെട്ടിരുന്നതായി ഭാര്യ പറഞ്ഞു. മുറിയിൽ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.