ഇന്ത്യയുടെ ബ്രഹ്മോസ് ഇനി വിയറ്റ്നാമിനും ഇൻഡോനേഷ്യയ്ക്കും
file photo
ന്യൂഡൽഹി: പ്രതിരോധ രംഗത്ത് വമ്പൻ കരാറിന് ഇന്ത്യ. പ്രതിരോധ കയറ്റുമതി മേഖലയിൽ റെക്കാർഡ് നേട്ടം ലക്ഷ്യമിട്ട് വിയറ്റ്നാം, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ കരാറുകൾ അന്തിമ ഘട്ടത്തിലേയ്ക്ക്. ഇരു രാജ്യങ്ങൾക്കും മിസൈൽ കൈമാറാൻ ബ്രഹ്മോസിലെ പങ്കാളിയായ റഷ്യയും അനുമതി നൽകിയിട്ടുണ്ട്. ഇതോടെയാണ് കരാർ അന്തിമ ഘട്ടത്തിലേയ്ക്ക് കുതിക്കുന്നത്.
ഡിസംബർ നാലിന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യ ബ്രഹ്മോസ് വിൽപന സംബന്ധിച്ച് അനുമതി നൽകിയിരുന്നു. ചൈന കടലിടുക്കിൽ വർധിച്ചു വരുന്ന ചൈനീസ് സാന്നിധ്യത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ഒരുങ്ങുന്നത്.
ദക്ഷിണ ചൈന കടലിടുക്കിലെ അവകാശവുമായി ബന്ധപ്പെട്ട് വിയറ്റ്നാമിനും ഇൻഡോനേഷ്യയ്ക്കും തർക്കങ്ങളുണ്ട്. ഇതു തുടരുന്നതിനിടെയാണ് തീരസുരക്ഷ ഉറപ്പു വരുത്താൻ ഇന്ത്യൻ ആയുധങ്ങൾ വാങ്ങാൻ ഒരുങ്ങുന്നത്. ആസിയാൻ രാജ്യങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളി രാജ്യമായി ഇന്ത്യ ഉയർന്നു വരുന്നതിനു കൂടി ഈ ബ്രഹ്മോസ് ഇടപാട് സഹായിക്കും.
ലോകത്തിലെ തന്നെ മികച്ച സൂപ്പർ സോണിക് ക്രൂസ് മിസൈലുകളിൽ ഒന്നാണ് ബ്രഹ്മോസ്. ഇതിന്‍റെ 290 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാവുന്ന മിസൈലുകളാകും. ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയിൽ പാക്കിസ്ഥാനെ കീഴടക്കിയ ആയുധമാണ് ബ്രഹ്മോസ്. സുഖോയ്-30 എംകെഐ വിമാനത്തിൽ നിന്ന് തൊടുത്ത ബ്രഹ്മോസ് മിസൈലുകൾ പാക് സൈനിക താവളങ്ങളെ തകർത്തിരുന്നു. 2025 ഓടെ 800 കിലോമീറ്റർ ദൂരപരിധിയുള്ള ബ്രഹ്മോസിന്‍റെ പുതിയ പതിപ്പും പുറത്തിറങ്ങും.