പാക്കിസ്ഥാൻ സൈന്യത്തിന്‍റെ കസ്റ്റഡിയിൽ ചായ കുടിക്കുന്ന അഭിനന്ദൻ വർധമാൻ. ചായ നന്നായിരിക്കുന്നു എന്ന അദ്ദേഹത്തിന്‍റെ അന്നത്തെ കമന്‍റ് വൈറലായിരുന്നു.
File photo
ന്യൂഡൽഹി: പാക്കിസ്ഥാന്‍റെ F-16 വിമാനം വെടിവെച്ചിട്ട വ്യോമസേനയുടെ അഭിമാന പോരാളി അഭിനന്ദൻ വർധമാൻ സ്വകാര്യ എയർലൈൻസിൽ പൈലറ്റായി ജോലിക്കു ചേർന്നതായി റിപ്പോർട്ട്. മാർച്ച് 31-നാണ് അദ്ദേഹം ഇന്ത്യൻ വ്യോമസേനയിൽ (IAF) നിന്ന് പടിയിറങ്ങിയത്. തുടർന്ന് പ്രാദേശിക എയർലൈനായ ഫ്ലൈ91-ൽ (Fly91) ജോലിയിൽ പ്രവേശിച്ചു എന്നാണ് പുറത്തുവരുന്ന വിവരം.
പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി 2019 ഫെബ്രുവരി 26-ന് ഇന്ത്യ ബാലകോട്ടിൽ നടത്തിയ വ്യോമാക്രമണത്തിന് തൊട്ടടുത്ത ദിവസമാണ് രാജ്യത്തെ മുൾമുനയിൽ നിർത്തിയ ആകാശ യുദ്ധമുണ്ടായത്. നിയന്ത്രണരേഖയ്ക്ക് (LoC) മുകളിൽ നടന്ന ഏറ്റുമുട്ടലിൽ പാക്കിസ്ഥാന്‍റെ അത്യാധുനിക F-16 യുദ്ധവിമാനം മിഗ്-21 ബൈസൺ ഉപയോഗിച്ച് വെടിവെച്ചിട്ട അന്നത്തെ വിങ് കമാൻഡർ അഭിനന്ദൻ ചരിത്രമെഴുതി.
ശത്രുവിന്‍റെ മിസൈൽ ആക്രമണത്തിൽ അദ്ദേഹത്തിന്‍റെ വിമാനവും തകരുകയും പാക്കിസ്ഥാൻ അധീന പ്രദേശത്ത് പാരഷൂട്ടിൽ ഇറങ്ങിയ അദ്ദേഹത്തെ പാക് സൈന്യം പിടികൂടുകയും ചെയ്തതോടെ രാജ്യം മുഴുവൻ ആശങ്കയിൽ. എന്നാൽ, അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് 60 മണിക്കൂറിനു ശേഷം 2019 മാർച്ച് ഒന്നിനാണ് പാക്കിസ്ഥാൻ അദ്ദേഹത്തെ ഇന്ത്യയ്ക്കു കൈമാറിയത്.
ഈ ധീരതയ്ക്കുള്ള അംഗീകാരമായി രാജ്യത്തെ മൂന്നാമത്തെ ഉയർന്ന യുദ്ധകാല ധീരതാ പുരസ്കാരമായ 'വീരചക്ര' നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. വൻതോതിൽ സാങ്കേതിക മേന്മയുള്ള ശത്രുവിമാനങ്ങളെ തന്ത്രപരമായി നേരിട്ട അദ്ദേഹത്തിന്‍റെ പോരാട്ടം സൈനിക ചരിത്രത്തിൽ തന്നെ വഴിത്തിരിവായിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ പദവിയിലിരിക്കെയാണ് അദ്ദേഹം വ്യോമസേനയിൽനിന്ന് വിരമിച്ചത്.