ആര‍്യ
ചെന്നൈ: ആദായ നികുതി വകുപ്പ് വീട്ടിലും തന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളിലും റെയ്ഡ് നടത്തിയെന്ന റിപ്പോർട്ടുകൾ തള്ളി നടൻ ആര‍്യ. തന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ തലശ്ശേരി സ്വദേശി കുഞ്ഞമൂസയ്ക്ക് വിറ്റിരുന്നുവെന്ന് ആര‍്യ വ‍്യക്തമാക്കി.
നടന്‍റെ പൂനമല്ലിയിലുള്ള വീട്ടിലും ചെന്നൈയിലെ സീ ഷെൽ ഹോട്ടലുകളിലും റെയ്ഡ് നടന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. ബുധനാഴ്ച രാവിലെയോടെയായിരുന്നു ആദായനികുതി വകുപ്പ് ചെന്നൈയിലെ സീ ഷെൽ ഹോട്ടലിന്‍റെ വിവിധ ശാഖകളിൽ റെയ്ഡ് നടത്തിയത്.
വേളാച്ചേരി, കൊട്ടിവാക്കം, കിൽപ്പോക്ക്, തരമണി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും കുഞ്ഞി മൂസയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. കുഞ്ഞിമൂസയുടെ കേരളത്തിലുള്ള സ്ഥാപനങ്ങളിൽ നേരത്തെ റെയ്ഡ് നടന്നിരുന്നുവെന്നും അതിന്‍റെ തുടർച്ചയായിട്ടാണ് ചെന്നൈയിലേ ഹോട്ടലുകളിൽ റെയ്ഡ് നടന്നതെന്നുമാണ് വിവരം.