പത്തു സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 16ന്
ന്യൂഡൽഹി: പത്തു സംസ്ഥാനങ്ങളിലെ 37 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 16ന് തെരഞ്ഞെടുപ്പ്. ഏപ്രിൽ രണ്ടിനും ഒമ്പതിനുമായി ഒഴിവുവരുന്ന സീറ്റുകളിലാണു തെരഞ്ഞെടുപ്പ്. ആറു സംസ്ഥാനങ്ങളിൽ ഭരണം എൻഡിഎയ്ക്കായതിനാൽ ബിജെപിക്ക് നേട്ടമുണ്ടാകും. ആറു സീറ്റുകൾ എൻഡിഎയ്ക്ക് അധികമായി ലഭിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ 36 സീറ്റുകളിൽ 21ലും എൻഡിഎ വിജയിക്കും. മഹാരാഷ്‌ട്ര (7), ഒഡീഷ (4), തെലങ്കാന (2), തമിഴ്നാട് (6), ഛത്തിസ്ഗഡ് (2), പശ്ചിമ ബംഗാൾ (5), അസം (3), ഹരിയാന (2),ഹിമാചൽ പ്രദേശ് 1), ബിഹാർ (5) സംസ്ഥാനങ്ങളിലാണു തെരഞ്ഞെടുപ്പ്.
എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ, ജെഡിയുവിന്‍റെ ഹരിവംശ് നാരായൺ സിങ്, രാംനാഥ് ഠാക്കുർ, ആർപിഐ നേതാവ് രാംദാസ് അഠാവലെ, ബിജെപിയുടെ കിരൺ ചൗധരി, കോൺഗ്രസിന്‍റെ കെടിഎസ് തുളസി, അഭിഷേക് മനു സിങ്‌വി, ഡിഎംകെയുടെ തിരുച്ചി ശിവ, അണ്ണാ ഡിഎംകെയുടെ തമ്പി ദുരൈ തുടങ്ങിയ പ്രമുഖരാണു വിരമിക്കുന്നത്. ഈ മാസം 26ന് വിജ്ഞാപനം പുറപ്പെടുവിക്കും. മാർച്ച് 16ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്.
മഹാരാഷ്‌ട്രയിൽ എൻഡിഎയുടെ മൂന്നും പ്രതിപക്ഷത്തിന്‍റെ നാലും അംഗങ്ങളാണു വിരമിക്കുന്നത്. ഇപ്പോഴത്തെ കക്ഷി നിലപ്രകാരം പ്രതിപക്ഷത്തിന് ഒരുമിച്ചു നിന്നാൽ ഒരു സീറ്റ് ലഭിക്കും. ശരദ് പവാറിനെ വീണ്ടും സഭയിലെത്തിക്കണമെങ്കിൽ കോൺഗ്രസും ശിവസേന (യുബിടി)യും എൻസിപി (എസ്പി)ക്കു പിന്തുണ നൽകേണ്ടിവരും. തമിഴ്നാട്ടിൽ എൻഡിഎയുടെ രണ്ടും ഡിഎംകെ മുന്നണിയുടെ നാലും സീറ്റുകളിലാണു വോട്ടെടുപ്പ്. ഈ നിലയിൽ മാറ്റമുണ്ടാവില്ല. പശ്ചിമ ബംഗാളിൽ നിന്നു ബിജെപിക്ക് ആദ്യ രാജ്യസഭാംഗം വരുന്നതിനും ഈ തെരഞ്ഞെടുപ്പ് വഴിയൊരുക്കും. ഒഴിവു വരുന്ന അഞ്ചു സീറ്റുകളിൽ ഒരെണ്ണം സിപിഎമ്മിന്‍റേതും നാലെണ്ണം തൃണമൂൽ കോൺഗ്രസിന്‍റേതുമാണ്. ഇതിൽ സിപിഎമ്മിനു സീറ്റ് നഷ്ടമാകുമ്പോൾ ബിജെപിക്ക് നേട്ടമുണ്ടാകും.
ബിഹാറിലെ അഞ്ചു സീറ്റുകളിൽ മൂന്നെണ്ണമാണ് എൻഡിഎയ്ക്കുള്ളത്. അതു വീണ്ടുമുയരും. ഒഡീഷയിലെ നാലു സീറ്റുകളിലും നിലവിലുള്ള രണ്ടിൽ നിന്ന് എൻഡിഎയ്ക്ക് നേട്ടമുണ്ടാകും. അസമിൽ നിലവിലുള്ള സ്ഥിതി തുടരും.
നാമനിർദേശം ചെയ്യപ്പെട്ട രഞ്ജൻ ഗൊഗോയി മാർച്ചിൽ വിരമിക്കുന്നതിൽ തുടങ്ങി ഈ വർഷം 71 സീറ്റുകളിൽ ഒഴിവുണ്ടാകും. ഈ സീറ്റുകളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ രാജ്യസഭയിൽ എൻഡിഎ വ്യക്തമായ ഭൂരിപക്ഷം നേടും.