പക്ഷിയിടിച്ചു; യാത്ര റദ്ദാക്കി എയർ ഇന്ത്യ
മുംബൈ: പക്ഷി ഇടിച്ചതിനെത്തുടർന്ന് ഡൽഹി-പുനെ എയർ ഇന്ത്യ വിമാനം മടക്കയാത്ര റദ്ദാക്കി. ഡൽഹിയിൽ നിന്നു പുറപ്പെട്ട AI2470 എന്ന വിമാനം പുനെയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതിനു പിന്നാലെ പക്ഷിയിടിച്ചതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് പുനെയിൽ നിന്നു ഡൽഹിയിലേക്കുള്ള യാത്ര റദ്ദാക്കിയതായി വിമാന കമ്പനി അറിയിച്ചു.
യാത്ര റദ്ദാക്കിയതായി സ്ഥിരീകരിച്ച് എയർ ഇന്ത്യ പ്രസ്താവന പുറത്തിറക്കി. എൻജിനീയറിങ് സംഘം വിശദമായ പരിശോധന നടത്തുന്നതായും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്കായി താമസ സൗകര്യങ്ങളൊരുക്കുകയും ടിക്കറ്റ് തുക മടക്കി നൽകുകയും ചെയ്യും. യാത്രക്കാർക്ക് ഡൽഹിയിലേക്ക് പോകാൻ ബദൽ സംവിധാനം ഒരുക്കിയതായും എയർ ഇന്ത്യ അറിയച്ചു.