ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം; ചണ്ഡീഗഡിലും അതീവ ജാഗ്രത
ന്യൂഡൽഹി: വ്യോമാക്രമണ സാധ്യത മുന്നിൽ കണ്ട് ചണ്ഡിഗഢിലും ജാഗ്രത. ചണ്ഡിഗഢിൽ വെള്ളിയാഴ്ച എയർ സൈറൺ മുഴങ്ങി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജനങ്ങളോട് വീടിനുള്ളിൽ തുടരണമെന്നും ബാൽക്കണികളിലടക്കം പുറത്തിറങ്ങരുതെന്നാണ് ചണ്ഡീഗഡ് ഡെപ്യൂട്ടി കമ്മീഷണർ നൽകിയ നിര്‍ദേശം.
പാക് സേനയുടെ ഭാഗത്ത് നിന്നും ആക്രമണ സാധ്യതയെന്ന വ്യോമസേനയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് എന്നാണ് വിവരം. ചണ്ഡിഗഢ് ജില്ലാ കളക്ടർ തന്‍റെ ഔദ്യോഗിക പേജ് വഴിയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഞ്ചാബ്, ഹരിയാണ, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാഴാഴ്ച (മേയ് 8) രാത്രി ചണ്ഡീഗഡിലും പത്താൻകോട്ട്, അമൃത്സർ, ജലന്ധർ, രൂപ്‌നഗർ, ഫാസിൽക്ക, ലുധിയാന, ഹോഷിയാർപൂർ, സാഹിബ്‌സാദ അജിത് സിങ് നഗർ എന്നിവയുൾപ്പെടെ പഞ്ചാബിലെ നിരവധി ജില്ലകളിലും യുദ്ധ സഹാചര്യം കണക്കിലെടുത്ത് ബ്ലാക്ക്ഔട്ട് ഉണ്ടായിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഉത്തരാഖണ്ഡിലെ എല്ലാ ആശുപത്രികൾക്കും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡോക്ടർമാരുടേയും ജീവനക്കാരുടേയും അവധികൾ റദ്ദാക്കി തിരികേ ഡ്യൂട്ടിയിൽ കയറാന്‍ നിർദേശം നൽകി.