അജിത് ഡോവൽ
ചെന്നൈ: ജമ്മു കശ്മീരിലെ പഹൽഗഹാം ഭീകരാക്രമണത്തിനു പിന്നാലെ നടത്തിയ "ഓപ്പറേഷൻ സിന്ദൂറിൽ' ഇന്ത്യയ്ക്ക് നാശനഷ്ടമുണ്ടായെന്ന് വാദിക്കുന്ന വിദേശ മാധ്യമങ്ങളെ വെല്ലുവിളിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇന്ത്യയുടെ ഒരു ചില്ല് പാളി പോലും ഉടഞ്ഞിട്ടില്ല. ഇന്ത്യയ്ക്ക് നാശമുണ്ടായെന്നു തെളിയിക്കാൻ ഒരു ചിത്രമെങ്കിലും പുറത്തുവിടൂ എന്ന് അദ്ദേഹം വിദേശ മാധ്യമങ്ങളോടു പറഞ്ഞു. യുഎസ് പത്രം "ന്യൂയോർക്ക് ടൈംസി'നെ പേരെടുത്തു പറഞ്ഞായിരുന്നു ഡോവലിന്‍റെ വിമർശനം.
പാക്കിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ഒരിടത്തു പോലും പിഴച്ചില്ല. മേയ് 7നു രാത്രി ഒരു മണിക്കു ശേഷം 23 മിനിറ്റിൽ എല്ലാം പൂർത്തിയാക്കി. അതിനുശേഷം വിദേശ മാധ്യമങ്ങൾ "പാക്കിസ്ഥാൻ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു' എന്നൊക്കെ അവകാശപ്പെടുന്നുണ്ട്. ഇന്ത്യയിൽ നാശമുണ്ടായതിന്‍റെ ഒരു ചിത്രമെങ്കിലും നിങ്ങൾക്കു കാണിക്കാനാകുമോ?- മദ്രാസ് ഐഐടിയിൽ 62ാം ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാന്‍റെ സർഗോധ, റഹിംയാർഖാൻ, ചക്‌ലാല തുടങ്ങി13 വ്യോമ താവളങ്ങളിൽ മേയ് 10നു മുൻപും ശേഷവുമുളള അവസ്ഥയെന്തെന്നു മാത്രമാണു ചിത്രങ്ങളിൽ കാണുന്നത്. തെളിവുകളുയർത്തി റിപ്പോർട്ട് ചെയ്യൂ. ഞങ്ങൾ അങ്ങനെയാണ് ചെയ്യുന്നത്. ഞങ്ങൾക്ക് അതു കഴിയും- ഡോവൽ വ്യക്തമാക്കി.
ആധുനിക യുദ്ധവും സാങ്കേതികതയുമായുള്ള ബന്ധം പ്രധാനമെന്നും ഡോവൽ പറഞ്ഞു. രാജ്യത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന തദ്ദേശീയ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ കഴിയണം. ബ്രഹ്മോസ്, സംയോജിത വ്യോമ നിയന്ത്രണ സംവിധാനം, യുദ്ധമേഖലയുടെ നിരീക്ഷണം തുടങ്ങി നമ്മുടെ സ്വന്തം പ്രതിരോധ സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിച്ചത് അഭിമാനമുയർത്തുന്നു.
സാങ്കേതിക പോരാട്ടത്തിൽ തോൽക്കുന്നതോ മറ്റുള്ളവരേക്കാൾ പതിറ്റാണ്ടുകളായി പിന്നിലാകുന്നതോ രാജ്യത്തിനു താങ്ങാനാവില്ല. രണ്ടര വർഷം കൊണ്ട് 5ജി വികസിപ്പിക്കുന്നതിൽ മദ്രാസ് ഐഐടിയും സ്വകാര്യ മേഖലയും വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. എന്നാൽ, ഇതേ സാങ്കേതിക വിദ്യ സ്വന്തമാക്കാൻ ചൈനയ്ക്ക് 12 വർഷവും 30,000 കോടി ഡോളറും വേണ്ടിവന്നെന്നും ഡോവൽ ചൂണ്ടിക്കാട്ടി.
നേരത്തേ, ചടങ്ങിൽ സംസാരിച്ച പ്രശസ്ത നർത്തകി ഡോ. പദ്മ സുബ്രഹ്മണ്യം ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയത്തിൽ അജിത് ഡോവലിനെ പ്രശംസിച്ചു.