സമ പര്‍വീണ്‍ |പിടിയിലായ മറ്റ് 4 പ്രതികൾ
ബംഗളരു: അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബംഗളൂരുവില്‍ 30 വയസുകാരിയെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. സമ പര്‍വീണ്‍ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഇവർ ഇന്ത്യയിലെ അല്‍-ഖ്വയ്ദയുടെ മുഖ്യ ആസൂത്രകയാണെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള നാലു പേരെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സമ അറസ്റ്റിലാകുന്നത്.
ഭീകരസംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് സമ ആയിരുന്നെന്നും കര്‍ണാടകയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ഇവരായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ജൂൺ 10 ന്, ഗുജറാത്ത് ആന്‍റി-ടെററിസം സ്ക്വാഡ് (എടിഎസ്) ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹർഷ് ഉപാധ്യായയ്ക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉപയോഗിച്ച് ദേശവിരുദ്ധവും പ്രകോപനപരവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണം ലഭിച്ചിരുന്നു. ഇതിനു പിന്നിൽ നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയാണെന്നായിരുന്നു വിവരം.
ഇതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം ജൂലൈ 21, 22 തീയതികളിൽ, ഗുജറാത്ത്, ഡൽഹി, ഉത്തർപ്രദേശ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍നിന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ 4 അഡ്‌മിന്‍മാർ അറസ്റ്റിലാവുന്നത്.
അല്‍-ഖ്വയ്ദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ ഇവര്‍ സോഷ്യല്‍ മീഡിയയും വിവിധ ആപ്ലിക്കേഷനുകളും ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ആശയവിനിമയത്തിന്‍റെ ഒരു തെളിവും അവശേഷിപ്പിക്കാതിരിക്കാന്‍ ഇവര്‍ ഓട്ടോ-ഡിലീറ്റ് ആപ്ലിക്കേഷനുകളും ഉപയോഗിച്ചു. ഇവർക്കെതിരേ യുഎപിഎ, ഭാരതീയ ന്യായ സംഹിത എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തെന്നും സംശയമുള്ള 62 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകളും എടിഎസ് നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.