നകുൽനാഥ്, കമൽനാഥ് 
India

സമൂഹമാധ്യമ 'ബയോ'യിൽ നിന്ന് കോൺഗ്രസിനെ നീക്കി കമൽനാഥിന്‍റെ മകൻ!

ഇപ്പോൾ നകുൽനാഥിന്‍റെ എക്സ് അക്കൗണ്ടിൽ ചിന്ദ്വാര എംപി എന്നു മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.

ഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥ് ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നു. കമൽനാഥിന്‍റെ മകനും എംപിയുമായ നകുൽനാഥ് സമൂഹമാധ്യമങ്ങളിലെ ബയോയിൽ നിന്ന് കോൺഗ്രസിനെ നീക്കം ചെയ്തതാണ് അഭ്യൂഹങ്ങൾക്ക് കരുത്തു പകരുന്നത്. ഇപ്പോൾ നകുൽനാഥിന്‍റെ എക്സ് അക്കൗണ്ടിൽ ചിന്ദ്വാര എംപി എന്നു മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.

കമൽനാഥ് ശനിയാഴ്ച വൈകിട്ടോടെ ഡൽഹിയിലെത്തിയിട്ടുണ്ട്. ‍അത്തരത്തിൽ ഏതെങ്കിലും വിധത്തിലുള്ള മാറ്റമുണ്ടായാൽ ആദ്യം അറിയിക്കുക മാധ്യമങ്ങളെയായിരിക്കും എന്നാണ് അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് കമൽനാഥ് പ്രതികരിച്ചത്. എന്നാൽ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിൽ കമൽനാഥ് രോഷാകുലനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ രാഹുൽ ഗാന്ധിയും കമൽനാഥിനെതിരേ തിരിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ അതൃപ്തനാണെങ്കിൽ കമൽനാഥിനും മകൻ‌ നകുൽ നാഥിനും ബിജെപി സ്വാഗതമരുളുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമ പ്രഖ്യാപിച്ചിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ ചിന്ദ്വാര ഒഴികെ മധ്യപ്രദേശിലെ 28 മണ്ഡലങ്ങളിലും ബിജെപി വിജയിച്ചിരുന്നു. 9 വർഷത്തോളമായി കമൽനാഥിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് ചിന്ദ്വാര. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം രാഹുൽ ഗാന്ധി പൂർണമായും കമൽനാഥിനെ അവഗണിക്കുകയാണ്. തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് കമൽനാഥ് പാർട്ടി മാറിയാൽ അതു കോൺഗ്രസിന് വൻ തിരിച്ചടിയായിരിക്കും.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു