അയോധ്യ രാമക്ഷേത്ര സിഇഒ നിയമനത്തെച്ചൊല്ലി വിവാദം

 
India

അയോധ്യ രാമക്ഷേത്ര സിഇഒ നിയമനത്തെച്ചൊല്ലി വിവാദം; അഭിമുഖത്തിന് ഹാജരാകാത്ത ആളെ സിഇഒയായി നിയമിച്ചെന്ന് ആരോപണം

അഭിമുഖത്തിന്‍റെ ദിവസം ജിതേന്ദ്ര മിശ്ര നേരിട്ട് ഹാജരായില്ലെന്ന് സിഇഒ സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന മറ്റൊരു ഉദ്യോഗാർഥിയായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ രാജേഷ് പാണ്ഡെ ആരോപണമുന്നയിച്ചതോടെയാണ് വിവാദം ഉയർന്നത്

Sarath Nath MS

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്‍റെ ആദ്യത്തെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ (സിഇഒ) നിയമനത്തെച്ചൊല്ലി വിവാദം. അഭിമുഖത്തിന് നേരിട്ട് ഹാജരാകാത്ത വ്യക്തിയെയാണ് സിഇഒയായി നിയമിച്ചതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

വ്യോമസേനയിൽ നിന്ന് വിരമിച്ച എയർ മാർഷൽ ജിതേന്ദ്ര മിശ്രയെയാണ് സിഇഒയായി നിയമിച്ചത്. എന്നാൽ അഭിമുഖത്തിന്‍റെ ദിവസം ജിതേന്ദ്ര മിശ്ര നേരിട്ട് ഹാജരായില്ലെന്ന് സിഇഒ സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന മറ്റൊരു ഉദ്യോഗാർഥിയായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ രാജേഷ് പാണ്ഡെ ആരോപണമുന്നയിച്ചതോടെയാണ് വിവാദം ഉയർന്നത്. ഓഗസ്റ്റ് 11ന് തനിക്ക് അനുവദിച്ച സമയത്ത് അഭിമുഖത്തിനായി എത്തിയപ്പോൾ മിശ്രയെ അവിടെ കണ്ടില്ലെന്ന് അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ രാജേഷ് പാണ്ഡെ ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം ആരോപണം ഉയർന്നതോടെ വിശദീകരണവുമായി രാമജന്മഭൂമി ട്രസ്റ്റ് രംഗത്തെത്തി. സിഇഒ സ്ഥാനത്തേക്കുള്ള അഭിമുഖത്തിൽ ജിതേന്ദ്ര മിശ്ര നേരിട്ട് പങ്കെടുത്തിരുന്നുവെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഗോവിന്ദ് ദേവ് ഗിരി തിങ്കളാഴ്ച രാത്രി എക്സിൽ പങ്കുവച്ച കുറിപ്പിലാണ് വിശദീകരണം.

ജൂലൈ ആറിന് രൂപീകരിച്ച സെർച്ച് കമ്മിറ്റിക്ക് 5,585 അപേക്ഷകളാണ് ലഭിച്ചതെന്ന് ട്രസ്റ്റ് പറഞ്ഞു. ഡൽഹി-എൻസിആർ, പൂനെ, സംബൽപുർ എന്നിവിടങ്ങളിലായി എഐ അടിസ്ഥാനമാക്കിയുള്ള പരിശോധനയും വിദഗ്ധരുടെ നേരിട്ടുള്ള വിലയിരുത്തലും ഉൾപ്പെടുന്ന വിവിധ ഘട്ടങ്ങളിലൂടെയാണ് അപേക്ഷകൾ പരിശോധിച്ചത്. അവസാന ഘട്ടത്തിലേക്ക് 16 പേരെ കമ്മിറ്റി ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഓഗസ്റ്റ് 11, 12 തീയതികളിൽ അയോധ്യയിൽ വച്ച് ഇവരുമായി നേരിട്ടുള്ള അഭിമുഖം നടത്തി. ഓഗസ്റ്റ് 11ന് നടന്ന ആദ്യ സെഷനിൽ ജിതേന്ദ്ര മിശ്ര അഭിമുഖത്തിൽ പങ്കെടുത്തിരുന്നുവെന്നും ട്രസ്റ്റ് പ്രത്യേകം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടപടിക്രമം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തിയതെന്നും ട്രസ്റ്റ് പറഞ്ഞു. നടപടിയുടെ ഓരോ ഘട്ടവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അയോധ്യയിലെത്തിയ എല്ലാ ചുരുക്കപ്പട്ടിക സ്ഥാനാർഥികളുടെയും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ട്രസ്റ്റ് അറിയിച്ചു.

അതേസമയം, മൂന്ന് ദിവസത്തെ സന്ദർശനത്തിനായി നിലവിൽ അയോധ്യയിലുള്ള ട്രസ്റ്റ് അംഗവും രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാനുമായ നൃപേന്ദ്ര മിശ്ര മാധ്യമങ്ങളെ കണ്ടപ്പോഴും വിഷയം ഉയർന്നു. ജിതേന്ദ്ര മിശ്ര നേരിട്ട് അഭിമുഖത്തിൽ പങ്കെടുത്തിരുന്നോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ തനിക്ക് വിവരമില്ലെന്നായിരുന്നു നൃപേന്ദ്ര മിശ്രയുടെ മറുപടി. “ഇതിനെക്കുറിച്ച് എനിക്ക് വിവരമില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനമെടുത്തു. അവർക്കാണ് നിങ്ങളോട് പറയാൻ കഴിയുക”- അദ്ദേഹം പറഞ്ഞു.

സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ട്രസ്റ്റിന്‍റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ ഭരണപരമായ പുനഃസംഘടനയുടെ ഭാഗമായാണ് സെപ്റ്റംബർ രണ്ടിന് 62കാരനായ ജിതേന്ദ്ര മിശ്രയെ ട്രസ്റ്റിന്‍റെ ആദ്യ സിഇഒ ആയി നിയമിച്ചത്.

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യ‍ാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി അടിച്ചു തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന് ജാമ‍്യം

സിപിഎമ്മിൽ വൻ‌ അഴിച്ചുപണി; പി. ജയരാജനടക്കം 3 പേർ സംസ്ഥാന സെക്രട്ടറിയേറ്റിൽ, 2 പേരെ ഒഴിവാക്കി

നേപ്പാൾ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കാൻ മുൻ ഓസീസ് താരം ഡേവിഡ് വാർണർ

ഗർഭിണിയായ യുവതിയെ ചവിട്ടിക്കൊന്ന് പൊലീസ്; യുപിയിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ‌

ഡൽഹിയിലെ നിരവധി സ്കൂളുകളിൽ ബോംബ് ഭീഷണി