രാമക്ഷേത്രം തട്ടിപ്പ്: നിർണായക യോഗം

 
India

അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: നിർണായക ട്രസ്റ്റ് യോഗം ചേരുന്നു

കാണിക്ക വെട്ടിപ്പ് വിവാദത്തിനിടെ ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ യോഗം തിങ്കളാഴ്ച; ചമ്പത് റായി, അനിൽ മിശ്ര രാജി, എസ്ഐടി റിപ്പോർട്ട്, ധനകാര്യ കണക്കുകൾ ചർച്ചയിലേക്ക്

MV Desk

അയോധ്യ: രാമക്ഷേത്രത്തിലെ കാണിക്കവെട്ടിപ്പു സംബന്ധിച്ച വിവാദങ്ങൾക്കും അന്വേഷണത്തിനുമിടെ ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്‍റെ നിർണായക യോഗം ചൊവ്വാഴ്ച അയോധ്യയിൽ. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും അംഗം അനിൽ മിശ്രയുടെയും രാജിയാണ് യോഗത്തിലെ പ്രധാന അജൻഡ. വിവാദമുയർന്നശേഷം ചേരുന്ന ആദ്യ യോഗമാണിത്.

ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽ ദാസിന്‍റെ ആശ്രമമായ മണി റാം ഛാവ്നിയിൽ ചേരുന്ന യോഗത്തിൽ സ്ഥിരാംഗങ്ങളും എക്സ് ഒഫീഷ്യോ അംഗങ്ങളും പങ്കെടുക്കണമെന്നു ട്രഷറർ ഗോവിന്ദ് ദേവ് ഗിരി അഭ്യർഥിച്ചു.

മൂത്രാശയ അണുബാധയും ശ്വാസതടസവും മൂലം കഴിഞ്ഞ 29 മുതൽ ചികിത്സയിലായിരുന്ന നൃത്യഗോപാൽ ദാസ് വെള്ളിയാഴ്ച ആശ്രമത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. അനാരോഗ്യമുണ്ടെങ്കിലും അദ്ദേഹം യോഗത്തിൽ പങ്കെടുത്തേക്കും. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ മൂലം യാത്ര ചെയ്യാനാവാത്ത ട്രസ്റ്റ് അംഗം കെ. പരാശരൻ വിഡിയൊ കോൺഫറൻസിലൂടെയാകും പങ്കെടുക്കുക.

ചമ്പത് റായിയുടെയും അനിൽ മിശ്രയുടെയും രാജി അംഗീകരിച്ചാൽ പകരം സംവിധാനം ഏർപ്പെടുത്തേണ്ടിവരും. പ്രത്യേക ക്ഷണിതാവ് ഗോപാൽ റായിയുടെ പങ്കും ചർച്ച ചെയ്യും.

പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്ഐടി) ഇതുവരെയുള്ള കണ്ടെത്തലുകളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചേക്കും. ഭാവിയിൽ ഇത്തരം വെട്ടിപ്പുകളും വീഴ്ചകളും ഒഴിവാക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളും പരിശോധിക്കും. 2025-26ലെ ട്രസ്റ്റിന്‍റെ വരവുചെലവു കണക്കുകൾ, ബാലൻസ് ഷീറ്റ്, മറ്റു ധനകാര്യ ഇടപാടുകളുടെ വിശദാംശങ്ങൾ തുടങ്ങിയവ യോഗത്തിന്‍റെ പരിഗണനയ്ക്കു വയ്ക്കും.

ക്ഷേത്രത്തിന്‍റെ ദൈനംദിന പരിപാലനച്ചുമതലയിൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെ നിയമിക്കുന്നതും യോഗത്തിൽ ചർച്ചയായേക്കും. അധ്യക്ഷൻ നൃത്യഗോപാൽദാസ് ഉൾപ്പെടെ 11 സ്ഥിരാംഗങ്ങളിൽ എട്ടു പേരാണ് ഇപ്പോൾ ട്രസ്റ്റിലുള്ളത്. വാസുദേവാനന്ദ സരസ്വതി, വിശ്വപ്രസന്നതീർഥ്, പരമാനന്ദ് ഗിരി, ട്രഷറർ ഗോവിന്ദ് ദേവ് ഗിരി, കൃഷ്ണ മോഹൻ, ദിനേന്ദ്ര ദാസ്, കെ. പരാശരൻ എന്നിവരാണ് അവർ.

രാജിവച്ച ചമ്പത് റായി, അനിൽ മിശ്ര, അടുത്തിടെ മരണമടഞ്ഞ ബിമലേന്ദ്ര മോഹൻ പ്രതാപ് മിശ്ര എന്നിവരുടെ ഒഴിവുണ്ട്. കേന്ദ്ര സർക്കാർ സെക്രട്ടറി പ്രശാന്ത് ലേഖണ്ഡെ, യുപി സർക്കാർ സെക്രട്ടറി സഞ്ജയ് പ്രസാദ്, അയോധ്യ ജില്ലാ കലക്റ്റർ ശശാങ്ക് ത്രിപാഠി, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര എന്നിവരാണ് എക്സ് ഒഫീഷ്യോ അംഗങ്ങൾ.

മെക്സിക്കോയെ വീഴ്ത്തി 10-മാൻ ഇംഗ്ലണ്ട്

ലോകകപ്പ് തൂക്കാൻ വന്ന ഇംഗ്ലീഷ് സിംഹങ്ങളെ കൂട്ടിലടച്ച് കംഗാരുപ്പട; ഏഴാം കിരീടത്തിൽ മുത്തമിട്ട് ഓസീസ് വനിതകൾ

'സിപിഎമ്മിൽ അധികാരമോഹം കൊടികുത്തി വാഴുന്നു, വർഗ വഞ്ചകർ ആരെന്ന് ജനം തിരിച്ചറിഞ്ഞു'; പ്രതികരിച്ച് ടി.കെ. ഗോവിന്ദൻ

മാട്രിമോണിയിലെ വ്യാജ 'ഹോട്ടൽ ഉടമ'; 36കാരിയെ പീഡിപ്പിച്ച് പണവുമായി യുവാവ് കടന്നു കളഞ്ഞു

നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്‍റെ പേര് നൽകണം; ആവശ‍്യവുമായി വി.എം. സുധീരൻ