ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തെരഞ്ഞെടുത്തിട്ടില്ലെന്നു ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്. കർണാടകയിലെ പ്രമുഖ ശിൽപ്പി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ തീർത്ത രാമവിഗ്രഹമാണു പ്രതിഷ്ഠിക്കുന്നതെന്നു കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി സമൂഹമാധ്യമത്തിൽ കുറിച്ചതിനു പിന്നാലെയാണു ട്രസ്റ്റിന്റെ വിശദീകരണം.
ജോഷിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ശിൽപ്പി അരുണിനെ അഭിനന്ദിച്ചിരുന്നു. എന്നാൽ, ശങ്കരാചാര്യ വിജയേന്ദ്ര സരസ്വതി ഉൾപ്പെടെ സന്ന്യാസിമാരുടെ അഭിപ്രായം കൂടി പരിഗണിച്ചു മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് ട്രസ്റ്റിന്റെ ഓഫിസ് ചുമതല വഹിക്കുന്ന പ്രകാശ് ഗുപ്ത പറഞ്ഞു.
കർണാടകയിൽ നിന്നുള്ള അരുൺ യോഗിരാജ്, ഗണേഷ് ഭട്ട് എന്നിവർ കൃഷ്ണശിലയിൽ നിർമിച്ച വിഗ്രഹങ്ങളും രാജസ്ഥാനിൽ നിന്നുള്ള സത്യനാരായൺ പാണ്ഡെ വെള്ള മാർബിൾശിലയിൽ നിർമിച്ച വിഗ്രഹവുമായിരുന്നു അവസാന ഘട്ടത്തിലേക്കു പരിഗണിച്ചത്. മൂന്നു വിഗ്രഹങ്ങളിൽ ഏതാണു വേണ്ടതെന്ന് ഓൺലൈൻ വോട്ടെടുപ്പും നടത്തിയിരുന്നു.
അതേസമയം, താൻ നിർമിച്ച വിഗ്രഹം തെരഞ്ഞെടുത്തതായി ഔദ്യോഗിക അറിയിപ്പു ലഭിച്ചിട്ടില്ലെന്ന് അരുൺ പറഞ്ഞു. മാധ്യമങ്ങളിലൂടെ ബിജെപി നേതാക്കള്‍ സംസാരിക്കുമ്പോഴാണ് ഈ കാര്യം അറിയുന്നതെന്നും യോഗിരാജ് പറഞ്ഞു.
കൃഷ്ണശിലയിൽ വിഗ്രഹങ്ങൾ നിർമിക്കുന്നവരിൽ ഏറ്റവും പ്രമുഖനാണ് അരുൺ യോഗിരാജ്. ശിൽപ്പവൈദഗ്ധ്യം പൈതകൃമായ കുടുംബത്തിൽ നിന്നെത്തിയ അരുൺ
എച്ച്ഡി കോട്ടയില്‍ നിന്നുള്ള കൃഷ്ണശില ഉപയോഗിച്ചാണ് 51 ഇഞ്ച് വിഗ്രഹം നിര്‍മിച്ചത്. ബാലനായ ശ്രീരാമനെയാണു വേണ്ടതെന്നു മാത്രമായിരുന്നു ട്രസ്റ്റിന്റെ നിർദേശം. ഏഴ് മാസത്തോളും ദിവസവും 12 മണിക്കൂറിലേറെ ചെലവഴിച്ചാണു വിഗ്രഹം പൂർത്തിയാക്കിയത്.
കേദാര്‍നാഥില്‍ സ്ഥാപിച്ച ആദി ശങ്കരാചാര്യരുടെ പ്രതിമയും ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിച്ച സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും നിര്‍മിച്ചത് എംബിഎ ബിരുദധാരി കൂടിയായ അരുൺ യോഗിരാജാണ്. അഭിമാന നിമിഷമാണിതെന്ന് യോഗിരാജിന്റെ അമ്മ സരസ്വതി പറഞ്ഞു. മകന് ശില്‍പ്പം ഉണ്ടാക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, അവസാന ദിനം കാണിക്കാമെന്നായിരുന്നു പറഞ്ഞത്. വിഗ്രഹം സ്ഥാപിക്കുന്ന ദിവസം താനും പോകുമെന്നും സരസ്വതി.
അരുൺ നിർമിക്കുന്നത് പിഴവുകളില്ലാത്ത ശിൽപ്പങ്ങളാണെന്നു ഭാര്യ വിജേത പറഞ്ഞു. രാമവിഗ്രഹ നിർമാണം ബുദ്ധിമുട്ടേറിയതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഭംഗിയായി അതു പൂർത്തിയാക്കി. ശ്രീരാമൻ തന്നെ സഹായിച്ചെന്നാണ് അരുൺ പറഞ്ഞതെന്നും വിജേത.